ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കൽ ചിത്രത്തിൻറെ സംവിധാനം ഓം റാവത്ത് ആണ്. ചിത്രം കളിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തിൽ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിർമ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൻറെ 10,000 ടിക്കറ്റുകൾ സൌജന്യമായി നൽകുന്നതിനെക്കുറിച്ചാണ് ഇത്.
തെലങ്കാന സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൌജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുക. ദി കശ്മീർ ഫയൽസ്, കാർത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്ട്സ് ആണ് ആദിപുരുഷിൻറെ ടിക്കറ്റുകൾ സൌജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Come, lets immerse in a divine cinematic experience with #Adipurush 🙏🏻
10,000+ tickets would be given to all the Government schools, Orphanages & Old Age Homes across Telangana for free by Mr. @AbhishekOfficl
Fill the Google form with your details to avail the tickets.… pic.twitter.com/vnkNTLX2H1
— Abhishek Agarwal Arts (@AAArtsOfficial) June 7, 2023
അതേസമയം 500 കോടി നിർമ്മാണച്ചെലവ് ഉള്ള ചിത്രം റിലീസിന് മുൻപ് അതിൻറെ 85 ശതമാനവും തിരിച്ചു പിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയിൽ നിന്ന് തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ടിൽ ഉണ്ട്. അങ്ങനെ ആകെ 432 കോടി! ജൂൺ 16 നാണ് ചിത്രത്തിൻറെ റിലീസ്. മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പിൽ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളിൽ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.