ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. ‘രാഹുല്‍ സ്നഹത്തിന്റെ കടയല്ല നടത്തുന്നത്. വെറുപ്പിന്റെ മെഗാ ഷോപ്പിങ് മാളാണ് തുറന്നിരിക്കുന്നത്’ നഡ്ഡ പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം രാജ്യത്തെ മാറ്റിമറിച്ചെന്നും അതിന്റെ പുരോഗതി ഇന്ന് ലോകം അംഗീകരിക്കുകയാണെന്നും നഡ്ഡ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എന്നാല്‍ ഇന്ത്യ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോഴെല്ലാം കോണ്‍ഗ്രസിന്റെ യുവരാജാവായ രാഹുല്‍ ഗാന്ധിക്ക് ദഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
”ഒരു വശത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, ഹിന്ദു-മുസ്ലിം വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നു, സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു, മറുവശത്ത്, താന്‍ സ്നേഹത്തിന്റെ കട നടത്തുന്നുവെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ സ്നേഹത്തിന്റെ കട ഒന്നും നടത്തുന്നില്ല, വെറുപ്പിന്റെ മെഗാ ഷോപ്പിങ് മാള്‍ തുറന്നിരിക്കുകയാണ്” -ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് രാജ്യത്തെ എതിര്‍ക്കുകയാണ്. ഒന്നും മാറില്ലെന്നും അഴിമതി തുടച്ചുനീക്കാനാവില്ലെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നമ്മുടെ രാജ്യം അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. നേതൃത്വമോ നയമോ ഉണ്ടായിരുന്നില്ല. 2014ല്‍ ജനങ്ങള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുത്തിന് ശേഷം ഇന്ത്യക്കൊരു നേതൃത്വം ലഭിച്ചു. രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുപോകാനുള്ള ഒരു നയവും കാഴ്ചപ്പാടും ഉണ്ടായെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.