ബംഗളൂരു: ടോള്‍ ഗേറ്റ് ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ തല്ലിക്കൊന്നു. മറ്റൊരു ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍. കര്‍ണാടകയിലെ രാമനഗര താലൂക്കില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ടോള്‍ നല്‍കാന്‍ വിസമ്മതിച്ച ഒരു സംഘം ആളുകള്‍ ഇവരെ ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സേഷാഗിരിഹള്ളിയിലെ ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേ ടോള്‍ പ്‌ളാസയിലെ ജീവനക്കാരനായ പവന്‍ കുമാര്‍ (26) ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ മഞ്ചുനാഥിന് (25) മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മൈസൂരുവില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് കാറില്‍ വരികയായിരുന്ന നാലുപേര്‍ രാത്രി പത്തുമണിയോടെ ടോള്‍ പ്‌ളാസയിലെത്തി. ഇവര്‍ ടോള്‍ അടയ്ക്കാന്‍ വിസമ്മതിച്ചതിനുപിന്നാലെ പ്‌ളാസയിലെ ജീവനക്കാരും കാര്‍ യാത്രികരുമായി തര്‍ക്കമുണ്ടായി.
Toll plaza employee murdered on #Bengaluru – #Mysuru #Expressway@IndianExpress pic.twitter.com/1dSWS2mpvx
— Kiran Parashar (@KiranParashar21) June 5, 2023
തര്‍ക്കം മുറുകിയപ്പോള്‍ പവന്‍ കുമാര്‍ കാറിലുണ്ടായിരുന്നവരെ ആക്രമിച്ചു. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്നവര്‍ ഇടപെട്ട് അടിപിടി അവസാനിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ പ്‌ളാസയ്ക്ക് സമീപത്തെ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. 12 മണിയോടെ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ പവന്‍ കുമാറിനെയും മഞ്ചുനാഥിനെയും അവിടെ കാത്തുനിന്നിരുന്ന കാര്‍ യാത്രികര്‍ ഹോക്കി സ്റ്റിക്ക് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റാണ് പവന്‍ കുമാര്‍ മരിച്ചത്. മഞ്ചുനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.