
കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാസർകോട് ഉദുമ പാക്യാരയിലെ മജീദ് – റാശിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഷിദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ഉദുമ കാപ്പില്‍ പുഴയുടെ അഴിമുഖത്താണ് അപകടം നടന്നത്.
സമപ്രായക്കാരായ മൂന്ന് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ റാഷിദ് ചെളിയില്‍ മുങ്ങുകയായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിയെത്തി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് റാഷിദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.
പുഴയില്‍ ഇറങ്ങിയ സുഹൃത്തുക്കള്‍ അപകടത്തില്‍ നിന്നും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉദുമ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിന്നും പാസായി തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് റാഷിദ് വിടവാങ്ങിയത്. മാജിദ സഹോദരിയാണ്.