കാനം ഇ. ജെയുടെ ‘ഏദൻതോട്ടം’ പി ചന്ദ്രകുമാറിന്റെ സംവിധാനത്തിൽ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 43 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
പി ചന്ദ്രകുമാറിന്റെ ‘ഏദൻതോട്ട’ത്തിന് 43 വർഷം പഴക്കം. മനോരമ വാരികയിൽ പ്രസിദ്ധീകരിച്ച കാനം ഇ. ജെയുടെ ഈ നോവലിന് തിരക്കഥയൊരുക്കിയത് നോവലിസ്റ്റ് തന്നെ. ഭാര്യയുടെ അസാന്നിധ്യത്തിൽ, ഭാര്യയുടെ അനിയത്തിയോട് ബന്ധം പുലർത്തി വിലക്കപ്പെട്ട കനിയുടെ ശിക്ഷ സ്വയം ഏറ്റു വാങ്ങുന്ന മാനുഷികാവസ്ഥയാണ് പ്രമേയം. നിർമ്മാണം സുനിതാ പ്രൊഡക്ഷൻസിന്റെ എം മണി. സംഗീതം ‘സുനിത’യുടെ ആദ്യകാല സ്ഥിരം സംഗീതകാരൻ ശ്യാം. ഗാനരചനയും സഹസംവിധാനവും സത്യൻ അന്തിക്കാട്. 1980 ജൂൺ 6 റിലീസ്.
ശസ്ത്രക്രിയ മൂലം ആശുപത്രിയിൽ കഴിയുന്ന ചേച്ചിയെ (ജയഭാരതി) ശുശ്രൂഷിക്കാൻ വന്ന അനിയത്തി (അംബിക) ഒരു ‘ദുർബ്ബല നിമിഷത്തിൽ’ (കാറ്റും മഴയും പശ്ചാത്തലം) ചേട്ടനുമായി (സോമൻ) അവിഹിതം പുലർത്തി ഗർഭിണിയായി. ഉത്തരവാദിയായി കോളജ് മിത്രത്തിന്റെ പേര് കള്ളം പറയുന്നു. ഗർഭച്‌ഛിദ്രത്തിന് ചേട്ടൻ സഹായിച്ചെങ്കിലും അവളുടെ ശിഷ്ടജീവിതം ഒരു പ്രശ്നമാണ്. കല്യാണം മുടങ്ങി. ആ നാണക്കേടിൽ അമ്മ മരിച്ചു. അനിയത്തിയും ഭർത്താവും തമ്മിൽ ഒരേ വീട്ടിൽ കഴിയുന്നതിന്റെ അരുതായ്കകൾ മണത്ത ചേച്ചിക്ക് അവളെ ദൂരേയ്ക്ക് പറഞ്ഞയയ്ക്കണമെന്നായി. ഭർത്താവ് ഭാര്യയോട് തെറ്റ് ഏറ്റു പറയുന്നു. ചേച്ചിക്കിപ്പോൾ അനിയത്തിയെ പറഞ്ഞു വിടേണ്ട. പക്ഷെ അവൾ പോയല്ലോ. പാപത്തിന്റെ ശമ്പളം ആത്മഹത്യ.
‘കിനാവിൽ ഏദൻതോട്ടം ഏതോ സ്വപ്നമായ്’ എന്ന യേശുദാസ് പാട്ടിനൊപ്പം അതേ പാട്ടിന്റെ ശോകവേർഷനുമുണ്ട് (പി സുശീല). മിനിമം 4 പാട്ട് എന്ന അക്കാലത്തെ രീതിയിൽ നിന്നും വ്യത്യസ്‌തമായിരുന്നു ‘ഏദൻതോട്ട’ത്തിലേത്.
സംവിധായകൻ ചന്ദ്രകുമാറിന്റെ 9 ചിത്രങ്ങളാണ് 1980-ൽ റിലീസിനെത്തിയത്. എഴുത്തുകാരൻ കാനം ഇ.ജെയുടെ അവസാന കഥാവിഷ്ക്കാരം പി.ജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘സന്ധ്യക്കെന്തിന് സിന്ദൂരം’ ആയിരുന്നു.