IndiaNEWS

ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്

ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. വ്യാജ വാര്‍ത്ത കൊടുക്കുന്നവര്‍ക്ക് ഞങ്ങളുടെ മാനസിക സംഘര്‍ഷം അറിയില്ല. മാധ്യമങ്ങള്‍ക്ക് ഭയം കാണും, ഞങ്ങള്‍ക്ക് അതില്ല എന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധ സമരം അവസാനിപ്പിച്ചെന്ന വാര്‍ത്തകള്‍ തള്ളി നേരത്തെ സാക്ഷി മാലിക്കും രംഗത്തെത്തിയിരുന്നു. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും വീണ്ടും റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചതോടെയാണ് ജന്തർ മന്തറിലെ സമരം അവസാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായത്.

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

എന്നാല്‍ ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് വൈകിയതോടെ താരങ്ങള്‍ പ്രതിഷേധവുമായി ജന്തർ മന്തറില്‍ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുണ്ടായിരുന്നത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. ബ്രിജ് ഭൂഷന്‍ സിംഗിനെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ഇതിനൊടുവില്‍ ഖാപ് പ‌ഞ്ചായത്ത് ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: