കോട്ടയം: വിദ്യാർഥികളെ പോലെ തന്നെ മാനേജ്മെന്റും ശ്രദ്ധയുടെ മരണത്തിൽ ദു:ഖിതരാണെന്ന് കോളജ് മാനേജർ ഫാ. മാത്യു പായിക്കാട്. ശ്രദ്ധ കുഴഞ്ഞുവീണു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. താൻ തന്നെയാണ് സംഭവം പൊലീസിനെ നേരിട്ട് വിളിച്ച് അറിയിച്ചതെന്നും കോളജ് മാനേജർ പറഞ്ഞു. മരണ കാരണം അന്വേഷിക്കാൻ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകി. ഒരു മാസത്തെ അവധിക്ക് ശേഷം കുട്ടി തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം ആയിരുന്നു ആത്മഹത്യ. കുട്ടി ആത്മഹത്യാ ശ്രമം നടത്തിയ ഉടൻ പൊലിനെ വിവരം അറിയിച്ചു. കുഴഞ്ഞു വീണു എന്ന് പറഞ്ഞിട്ടില്ലെന്നും ഫാദർ മാത്യു പായിക്കാട് പറയുന്നു.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്ക്‌നോളജി വിദ്യാർഥിനി ശ്രദ്ധ(20)യുടെ മരണത്തിൽ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മനപൂർവമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ് ശ്രദ്ധ.
‘എച്ച്ഒഡി എന്തൊക്കെയോ മകളോട് സംസാരിച്ചിട്ടുണ്ട്, അവളെ ഹരാസ് ചെയ്തിട്ടുണ്ട്, ക്യാബിനിൽ നിന്നും പുറത്തേക്ക് പോയതോടെയാണ് ശ്രദ്ധയ്ക്ക് സമനില തെറ്റിയത് പോലെ തോന്നിയതെന്ന്’ സുഹൃത്തുക്കൾ പറഞ്ഞതായി പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടി തലകറങ്ങി വീണതാണ് എന്നാണ് കോളേജ് അധികൃതർ ഡോക്ടറോട് പറഞ്ഞത്, ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിച്ചേനേ, കോളേജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്ന് ശ്രദ്ധയുടെ ബന്ധുവും ആരോപിച്ചു.
കോളേജിലെ ലാബിൽ ഉപയോഗിച്ച മൊബൈൽ ഫോൺ അധ്യാപകർ പിടിച്ചെടുത്തതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് ശ്രദ്ധയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശ്രദ്ധയെ ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.