KeralaNEWS

പ്രമുഖ നക്‌സല്‍ നേതാവും അടിയന്തിരാവസ്ഥ തടവുകാരനുമായ എംകെ നാരായണന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂർ: പ്രമുഖ നക്‌സൽ നേതാവും അടിയന്തിരാവസ്ഥ തടവുകാരനുമായ എംകെ നാരായണൻ (74) വാഹനാപകടത്തിൽ മരിച്ചു. ഉപജീവനത്തിനായി ലോട്ടറി വിൽക്കുമ്പോഴായിരുന്നു പഴയ നക്‌സൽ നേതാവ് അപകടത്തിൽപ്പെടുന്നത്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ലോട്ടറി വിൽക്കുന്നതിനിടെ ടെമ്പോവാൻ വന്ന് ദേഹത്തിടിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കെത്തിയ ഡ്രൈവർ വാഹനം ന്യൂട്രലിലാണ് നിർത്തിയിരുന്നത്.

ഡ്രൈവർ പുറത്തിറങ്ങിയതോടെ വാഹനം സ്വയം നിരങ്ങി നീങ്ങി, ക്ഷേത്രക്കുളത്തിന്റെ മതിലിൽ ചാരി നിൽക്കുകയായിരുന്ന നാരായണന്റെ ദേഹത്ത് അമർന്നു. ക്ഷേത്രത്തിലുള്ളവരും സമീപവാസികളും ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 75 -ലെ അടിയന്തരാവസ്ഥക്കാലത്ത് മതിലകം പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ കമാൻഡറായാണ് അറിയപ്പെട്ടത്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം മണത്തല വീട്ടിലായിരുന്നു താമസം. അടിയന്തരാവസ്ഥയിൽ കേരളത്തിൽ നക്‌സലൈറ്റുകൾ നടത്തിയ ആദ്യത്തെ പാളിപ്പോയ പൊലീസ് സ്റ്റേഷൻ ആക്രമണമായിരുന്നു ഇത്. അടിയന്തിരാവസ്ഥയുടെ വേളയിൽ നാരായണൻ ജയിലിലായിരുന്നു.

പിന്നീട് കെ. വേണു സിപിഐഎംഎൽ സെക്രട്ടറിയായതിനുശേഷം പാർട്ടി പിരിച്ചുവിടുന്നത് വരെ നാരായണൻ സജീവമായിരുന്നു. രാഷ്ട്രീയമേഖലയിലും ചർച്ചകളിൽ ഉൾപ്പെടെ സ്ഥിരംസാന്നിധ്യമായി. നാരായണന്റെ ശ്രീനാരായണപുരത്തെ വീട് പാർട്ടിയുടെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്നു. അവസാനക്കാലത്ത് ലോട്ടറി വിറ്റായിരുന്നു ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.

Back to top button
error: