IndiaNEWS

ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ച ബം​ഗാൾ സ്വദേശികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ച ബം​ഗാൾ സ്വദേശികളുടെ ബന്ധുക്കൾക്ക് സഹായം പ്രഖ്യാപിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ദുരന്തത്തിൽ മരിച്ച ബം​ഗാൾ സ്വദേശികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് മമത ബാനർജി പറഞ്ഞു. ട്രെയിൻ അപകടം നടന്ന ബാലസോറിൽ മമത ബാന‍‍ർജി എത്തിയിരുന്നു. പരിക്കേറ്റവരെ കാണുകയും സ്ഥിതി​ഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു.

ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് മമത ബാന‍ർജി രം​ഗത്തെത്തിയിരുന്നു. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി പറഞ്ഞു. ‘മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനർജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനർജി കുറ്റപ്പെടുത്തി.

Signature-ad

ജൂൺ 2 ന് വൈകിട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റുകയായിരുന്നു. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

Back to top button
error: