കൊച്ചി: മഴക്കാലം ആസ്വദിക്കാൻ പ്രത്യേക പാക്കേജുകൾ ഒരുക്കി ടൂറിസം വകുപ്പ്.കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെ.ടി.ഡി.സി)കീഴിലെ ഹോട്ടലുകള്‍ മണ്‍സൂണ്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.കൊച്ചി ബോള്‍ഗാട്ടി പാലസിലും പാക്കേജ് ലഭിക്കും.
കായല്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നനഞ്ഞും കണ്ടും മഴ ആസ്വദിക്കാൻ പറ്റിയ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്.
മഴക്കാലം ആസ്വദിക്കാൻ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും (ഡി.ടി.പി.സി ) പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്.തട്ടേക്കാട്, ഭൂതത്താൻകെട്ട് തുടങ്ങിയ വനമേഖലകളെ ബന്ധിപ്പിച്ച് ഏകദിന യാത്രയാണ് നടപ്പാക്കുക.കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് തിരിച്ചെത്തുന്ന പാക്കേജ് അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി ശ്യാം പറഞ്ഞു.
ആഭ്യന്തര സഞ്ചാരികളാണ് കൊച്ചിയില്‍ കൂടുതലായി എത്തുന്നത്. മലബാര്‍ മേഖലയില്‍ നിന്നാണ് ഇവരില്‍ കൂടുതല്‍.കൊച്ചി, മൂന്നാര്‍, ആതിരപ്പള്ളി, ആലപ്പുഴ, തേക്കടി മേഖലകളിലെ ഹോട്ടലുകള്‍ക്ക് കാര്യമായ ബുക്കിംഗ് ലഭിച്ചിട്ടുണ്ട്.എണ്ണത്തില്‍ കുറവെങ്കിലും വിദേശികളും ഹോട്ടലുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്,ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദേശികളെ പ്രതീക്ഷിക്കുന്നത്.
കൊവിഡ് മണ്‍സൂണ്‍ ടൂറിസത്തെയും ഉലച്ചിരുന്നു.മഴ കനക്കുന്നതോടെ ഇത്തവണ സഞ്ചാരികളുടെ വരവ് ഇരട്ടിയാകുമെന്നാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള ബുക്കിംഗുകള്‍ ലഭിച്ചതായി ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.