NEWSWorld

അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകത്തിനു താങ്ങാൻ പറ്റാത്തതാവും: ചൈനീസ് പ്രതിരോധ മന്ത്രി

സിംഗപ്പൂർ: അമേരിക്കയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകത്തിനു താങ്ങാൻ പറ്റാത്തതാവുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാംഗ്ഫു.
സിംഗപ്പൂരില്‍ ഷാംഗ്റി-ലാ സുരക്ഷാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം ശീതയുദ്ധമനോഭാവം രൂപംകൊള്ളുന്നതിനെതിരേയും മുന്നറിയിപ്പു നല്കി.
 അമേരിക്കയും ചൈനയും തമ്മിലുള്ള യുദ്ധം ലോകത്തിന് ദുരിതമായിരിക്കും നല്കുക.ഇരുരാജ്യങ്ങളും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. ഉഭയകക്ഷിബന്ധവും സഹകരണവും ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ അതിന്‍റെ പേരില്‍ ഒഴിവാക്കേണ്ടതില്ല.

ആയുധങ്ങള്‍ നല്കിയും നയതന്ത്ര സന്ദര്‍ശനങ്ങള്‍ ഊര്‍ജിതമാക്കിയും തായ്‌വാനെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കു ലി മുന്നറിയിപ്പു നല്കി. തായ്‌വാൻ വിഷയത്തില്‍ അമേരിക്ക ചൈനയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുകയാണ്. സമാധാനമാണു ചൈന ആഗ്രഹിക്കുന്നത്. പക്ഷേ, ചൈനയുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നടപടികളുണ്ടാകും. ഏഷ്യാ പസഫിക് മേഖലയില്‍ നാറ്റോ മാതൃകയില്‍ സൈനികകൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമം മേഖലയില്‍ സംഘര്‍ഷത്തിനും തര്‍ക്കത്തിനും വഴിവയ്ക്കും. ശീതയുദ്ധമനോഭാവം വളരുന്നത് സുരക്ഷയ്ക്ക് ആപത്താണ്. മാര്‍ച്ചില്‍ അധികാരമേറ്റ ലി ഷാംഗ്ഫു പട്ടാള യൂണിഫോമിലാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

അതേസമയം ഉച്ചകോടിയില്‍ സംസാരിച്ച അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തായ്‌വാന് അമേരിക്കയുടെ പിന്തുണ തുടരുമെന്ന് വ്യക്തമാക്കി. തായ്‌വാൻ കടലിടുക്കിലും തെക്കൻ ചൈനാക്കടലിലും ചൈനീസ് സൈന്യം ഉയര്‍ത്തുന്ന ഭീഷണികളില്‍ അമേരിക്ക ഭയപ്പെടില്ലെന്നും ലോയ്ഡ് ഓസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.

Back to top button
error: