ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 300 നോട് അടുക്കുന്നു. 1098 പേർക്ക് പരുക്കേറ്റു. ഇതിൽ 60 പേരുടെ നില അതീവഗുരുതരം. അപകടത്തിൽപ്പെട്ട ട്രെയിനുകളുടെ കോച്ചുകളിൽ നിന്ന് മൃതദേഹങ്ങള്‍ പൂർണമായി മാറ്റാനായിട്ടില്ലെന്ന് റിപ്പോർട്ട്. മൃതദേഹങ്ങൾ ഇപ്പോഴും കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതേത്തുടർന്ന് ബോഗികൾ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് നീക്കം.
ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് ചെന്നൈ സെൻട്രലിലേക്കു പോകുന്ന കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. മറിഞ്ഞുകിടന്ന കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു.
ഇന്നലെ രാത്രി 7.20നായിരുന്നു അപകടം. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയിൽവേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉൾപ്പെടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാദൗത്യം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയിൽ ഉന്നതതലയോഗം ചേര്‍ന്നു. ശേഷം പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
അടുത്തിടെ രാജ്യത്ത് സംഭവിച്ച ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിലുണ്ടായത്.
ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽ അപകടങ്ങൾ
1988 ജൂലൈ 8-ന് കൊല്ലം ജില്ലയിലെ പെരുമൺ പാലത്തിൽ നിന്ന് ബാംഗ്ലൂർ-കന്യാകുമാരി ഐലന്റ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിലേയ്ക്ക് മറിഞ്ഞുണ്ടായ വൻ അപകടമാണ് പെരുമൺ ദുരന്തം. കേരളത്തിൽ നടന്ന വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2011 ജൂലൈ ഏഴിന് ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയ്ക്ക് സമീപം ഛപ്ര-മഥുര എക്സ്പ്രസ് ബസുമായി കൂട്ടിയിടിച്ചു. 69 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 1.55 ഓടെ ആളില്ലാ ക്രോസിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിൽ എത്തിയ ട്രെയിൻ ബസിനെ അരകിലോമീറ്ററോളം വലിച്ചിഴച്ചു.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെയിൽ അപകടങ്ങൾ നടന്ന വർഷങ്ങളിലൊന്നായാണ് 2012 കണക്കാക്കപ്പെടുന്നത്. പാളംതെറ്റിയതും കൂട്ടിയിടിച്ചതും ഉൾപ്പെടെ 14 അപകടങ്ങൾ ആ വർഷം റിപ്പോർട്ട് ചെയ്തു.
2012 ജൂലൈ 30ന് ഡൽഹി-ചെന്നൈ തമിഴ്‌നാട് എക്‌സ്പ്രസിന്റെ കോച്ചിന് നെല്ലൂരിനടുത്ത് തീപിടിച്ച് 30-ലധികം പേർ മരിച്ചു.
2014 മെയ് 26 ന്, ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ പ്രദേശത്ത്, ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ഗോരഖ്ധാം എക്സ്പ്രസ്, ഖലീലാബാദ് സ്റ്റേഷന് സമീപം നിർത്തിയിട്ട ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2015 മാർച്ച് 20 ന് ഡെറാഡൂണിൽ നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന ജനതാ എക്‌സ്‌പ്രസും വലിയൊരു അപകടത്തിൽ പെട്ടു. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ബച്‌രാവാൻ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിന്റെ എഞ്ചിനും സമീപത്തെ രണ്ട് കോച്ചുകളും പാളം തെറ്റി 30 പേർ മരിക്കുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2016 നവംബർ 20 ന് ഇൻഡോർ-പട്‌ന എക്‌സ്‌പ്രസ് (19321) കാൺപൂരിലെ പുഖ്രായന് സമീപം പാളം തെറ്റി 150 യാത്രക്കാർ മരിക്കുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 ഓഗസ്റ്റ് 19 ന്, ഹരിദ്വാറിനും പുരിക്കും ഇടയിൽ ഓടുന്ന കലിംഗ ഉത്കൽ എക്‌സ്പ്രസ് ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഖതൗലിക്ക് സമീപം അപകടത്തിൽപ്പെട്ടു. ട്രെയിനിന്റെ 14 ബോഗികൾ പാളം തെറ്റി 21 യാത്രക്കാർ മരിക്കുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2017 ഓഗസ്റ്റ് 23 ന് ഉത്തർപ്രദേശിലെ ഔറയ്യയ്ക്ക് സമീപം ഡൽഹിയിലേക്കുള്ള കൈഫിയത്ത് എക്‌സ്പ്രസിന്റെ ഒമ്പത് കോച്ചുകൾ പാളം തെറ്റി 70 പേർക്ക് പരിക്കേറ്റു.
2022 ജനുവരി 13 ന് പശ്ചിമ ബംഗാളിലെ അലിപുർദുവാറിൽ ബിക്കാനീർ- ഗുവാഹത്തി എക്‌സ്പ്രസിന്റെ 12 കോച്ചുകൾ പാളം തെറ്റി ഒമ്പത് പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.