പത്തനംതിട്ട: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മദ്ധ്യവയസ്കനെ ആക്രമിച്ച കേസില്‍ യുവാവ് അയിരൂര്‍ പോലീസിന്റെ പിടിയിലായി. അയിരൂര്‍ സ്വദേശി സതീശനെ ആക്രമിച്ച അയിരൂര്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ ഞണ്ട് ശ്യാം എന്ന ശ്യാമാണ് (25) അറസ്റ്റിലായത്. മേയ് 25നായിരുന്നു സംഭവം.
സതീശനില്‍ നിന്ന് ശ്യാം വാങ്ങിയ പണം മാസങ്ങളായിട്ടും തിരികെ നല്‍കിയിരുന്നില്ല. ഇരുവരും തോണിപ്പാറ ആശുപത്രിക്ക് സമീപം നേരില്‍ കാണുകയും പണം തിരികെ ചോദിച്ചപ്പോള്‍ ശ്യാം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ശ്യാം കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയുടെ പിടിഭാഗം കൊണ്ട് സതീശന്റെ കവിളില്‍ ആഞ്ഞടിക്കുകയും ഇടിയുടെ ആഘാതത്തില്‍ പല്ല് ഇളകുകയും ചെയ്തു. സതീശന്റെ ഇടതുകണ്ണിന്റെ ഭാഗത്തും തോളിലും ഇടിച്ചു. ആക്രമണത്തില്‍ തോളിന് പരിക്കേറ്റതിന് പുറമേ സതീശന്റെ കാഴ്ചയ്ക്ക് മങ്ങലുണ്ടായി.
സംഭവശേഷം ഒളിവില്‍ പോയ ശ്യാമിനെ പോലീസ് പിടികൂടുകയായിരുന്നു. സമാനമായ മറ്റൊരു അടിപിടിക്കേസും ശ്യാമിന്റെ പേരിലുണ്ട്. തോണിപ്പാറ കായലില്‍ കക്കവാരല്‍ തൊഴിലാളിയായ ഇയാള്‍ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.