തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്ബനികള്‍ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പ്രവാസികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.
പരിഹാര നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു.ഗള്‍ഫ് മേഖലയില്‍ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികള്‍ക്ക് സഹായകരമാകുന്ന തരത്തില്‍ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് അവലോകനയോഗം ചേര്‍ന്നത്.
ഇന്ത്യയില്‍ നിന്നുളള വിമാനകമ്ബനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. ഇതിന്റെ ആദ്യപടിയായി വിമാനകമ്ബനിയുമായി പ്രാഥമിക ചര്‍ച്ച നടത്താൻ യോഗത്തില്‍ തീരുമാനമായി. ഇതിനായി സിയാല്‍ എംഡിയേയും നോര്‍ക്ക വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി.
നേരത്തെ കേരള സർക്കാർ വിമാനങ്ങൾ വാടകയ്ക്കെടുത്ത് കേരളത്തിൽ നിന്നും ബഡ്ജറ്റ് എയർലൈൻസ് നടത്താൻ തീരുമാനിച്ചെങ്കിലും കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നില്ല.