ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയ എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽഡി ക്ലാർക്ക് കൊല്ലം കൊട്ടാരക്കര മാങ്കോട് ശ്രീകലയിൽ ശ്രീനാഥിനെ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് 26 വയസ്സുള്ള യുവതിയെ വിവാഹം കഴിച്ച ശ്രീനാഥ് ഈ വിവാഹ ബന്ധം നിലനിൽക്കെ ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെ ഒരു വർഷം മുൻപ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിൽ വച്ച് വിവാഹം ചെയ്തു.
വിവാഹത്തിന് സ്ത്രീധനമായി 70 പവൻ സ്വർണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്റ്റ് കാറും കൈപ്പറ്റി. രണ്ടാമതു വിവാഹം കഴിച്ച യുവതി പ്രതിയുടെ ആദ്യ വിവാഹത്തെപ്പറ്റി അറിഞ്ഞതോടെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി ഡി. ശില്ലയുടെ ഉത്തരവ് പ്രകാരം തുടരന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി.
വിവാഹങ്ങളുടെ തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി അറസ്റ്റ് ചെയ്ത് നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.