ചപ്പാത്തിയും പച്ചക്കറികളും പരിപ്പു കറിയും ചോറും അടങ്ങുന്ന ഒരു പ്ലേറ്റ് ഭക്ഷണത്തിന് മുതിര്‍ന്ന സിപിഎം നേതാക്കള്‍ നല്‍കേണ്ട വില വെറും പന്ത്രണ്ടു രൂപയാണ്. മുഴുവൻ സമയക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന പാര്‍ട്ടിയുടെ മുന്നണിപ്പോരാളികളായ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഈ അതിരറ്റ ഇളവുകള്‍ മാത്രമല്ല പാര്‍ട്ടി ആസ്ഥാനത്തെ കാൻ്റീനിൻ്റെ പ്രത്യേകത. മുതിര്‍ന്ന നേതാക്കളും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരും സന്ദര്‍ശകരുമെല്ലാം ഒന്നിച്ചിരുന്നാണ് ഇവിടെ ഭക്ഷണം കഴിക്കുക. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതിൻ്റെ നേര്‍ക്കാഴ്ച.
സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരിയും ഇവിടുത്തെ പതിവുകാരനാണ്. ‘ഞങ്ങള്‍ പാര്‍ട്ടിയുടെ മുഴുവൻ സമയക്കാരായി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു തുടങ്ങിയതു മുതല്‍ ഞാനിവിടെ പതിവുകാരനാണ്. 1986ല്‍ പാര്‍ട്ടിയില്‍ അംഗമായതു മുതല്‍ക്കേ ഉള്ള ഒരു ശീലമാണിത്. ഇപ്പോള്‍ നാല്‍പ്പതു വര്‍ഷത്തോളമാകുന്നു. പാര്‍ട്ടി മെസ്സില്‍ നിന്നു തന്നെയാണ് അന്നും ഇന്നും ഉച്ചഭക്ഷണം പതിവ്.’ യെച്ചൂരി പറയുന്നു.
പുതിയ കാലത്തിൻ്റേതായ സാങ്കേതിക വിദ്യകളൊന്നും ഇവിടെയില്ല, ഒരു 230 ലിറ്റര്‍ സാംസങ് ഫ്രിഡ്‌ജൊഴികെ. തണുത്ത വെള്ളം ലഭിക്കുന്ന ഒരു ഡിസ്‌പെൻസര്‍, ഒരു ഉഷ മിക്‌സര്‍, ഒരു ക്ലോക്ക് – ഇത്രയുമാണ് കാൻ്റീനില്‍ ആകെയുള്ളത്. നാല് കസേരകള്‍ വീതമുള്ള മൂന്ന് ഊണു മേശകള്‍, ഒരു ഡൈനിംഗ് ബോര്‍ഡ്, ഫാനുകള്‍, രണ്ട് ഗ്യാസ് അടുപ്പുകള്‍, ഗ്യാസ് സിലിണ്ടറുകള്‍, പാത്രങ്ങള്‍, സ്റ്റീല്‍ ഗ്ലാസുകള്‍, ട്രേകള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
കാൻ്റീനിലെ ഏറ്റവും രസകരമായ കാര്യം, ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു കാര്‍ഡ് ബോര്‍ഡ് കഷണമാണ്. എ4 വലുപ്പത്തിലുള്ള ധാരാളം കടലാസ്സുകള്‍ അതിനു മേല്‍ അടുക്കടുക്കായി ഒട്ടിച്ചു ചേര്‍ത്തിട്ടുമുണ്ട്. മുഴുവൻ സമയക്കാരായ ഓരോ മുതിര്‍ന്ന നേതാവും കാൻ്റീനില്‍ നല്‍കാനുള്ള പ്രതിമാസ ബില്ലിൻ്റെ കണക്കുകളാണ് ഈ പേപ്പറുകളില്‍. യച്ചൂരി, എ വിജയരാഘവൻ, എംഎ ബേബി എന്നിവരെല്ലാം കാൻ്റീനിലെ പറ്റു ബുക്കില്‍ പേരുകാരാണ്. 132 രൂപയാണ് യച്ചൂരി നല്‍കാനുള്ളത്. എ വിജയരാഘവൻ 24 രൂപയും എംഎ ബേബി 255 രൂപയും കാൻ്റീനില്‍ അടയ്ക്കാനുണ്ട്. 1,165 രൂപ പറ്റുള്ള അശോക് ധാവ്‌ലെയാണ് ഏറ്റവും വലിയ തുക കാൻ്റീനില്‍ നല്‍കാനുള്ളതെന്നും ഈ പേപ്പറില്‍ കാണാം.
ഇത് ഞങ്ങളുടെ പതിവു ജീവിതത്തിൻ്റെ ഭാഗമാണ്. ചിലപ്പോള്‍ മീറ്റിംഗുകളും മറ്റുമുള്ളപ്പോള്‍, ധാരാളം ആളുകള്‍ മെസ്സിലെത്തും. അപ്പോള്‍ ഞങ്ങളെല്ലാവരും വരി നിന്ന്, പ്ലേറ്റുകള്‍ സ്വയമെടുത്ത് ഭക്ഷണം സ്വയം വിളമ്ബാറാണ് പതിവ്. ചിലപ്പോള്‍ പാചകക്കാരൻ സഹായിക്കാറുണ്ട്. ഇവിടെ ഇങ്ങനെയാണ് പതിവ്.’ യച്ചൂരി പറയുന്നു.
മുൻ മുഖ്യമന്ത്രിയും മുൻ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇഎംഎസ് നമ്ബൂതിരിപ്പാടിൻ്റെ കാലം മുതല്‍ക്കേ, എല്ലാ സഖാക്കളും വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിച്ചിരുന്നാണ് കാൻ്റീനില്‍ ഭക്ഷണം കഴിക്കാറുള്ളതെന്ന് എംഎ ബേബി ഓര്‍ക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് പാര്‍ട്ടി ആസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലെ 14 അശോക റോഡിലേക്ക് മാറ്റിയപ്പോള്‍ മുതലുള്ള ശീലമാണതെന്ന് അദ്ദേഹം പറയുന്നു.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന കാലത്ത്, സഖാവ് സീതാറാം യച്ചൂരിയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം ഡല്‍ഹിയില്‍ ഞാൻ പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് 14 അശോക റോഡിലെ പാര്‍ട്ടി ആസ്ഥാനത്തുള്ള കാൻ്റീനില്‍ നിന്നുമാണ് ഞങ്ങള്‍ പതിവായി ഭക്ഷണം കഴിച്ചിരുന്നത്. സഖാവ് ഇഎംഎസും ജ്യോതി ബസുവുമെല്ലാം അന്നും അവിടെ ഞങ്ങള്‍ക്കൊപ്പം വന്നിരിക്കാറുണ്ടായിരുന്നു. അവിടെ എല്ലാവരും ഒന്നിച്ചാണ് ഇരുന്നിരുന്നത്. മുഴുവൻ സമയക്കാരും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിൻ്റെ പ്രവര്‍ത്തകരും യുവജന പ്രസ്ഥാനത്തിൻ്റെ പ്രവര്‍ത്തകരും, അങ്ങനെ എല്ലാവരും. ഒരേ ഭക്ഷണമാണ് ഞങ്ങള്‍ ഒന്നിച്ച് കഴിച്ചിരുന്നത്. കഴിച്ചു കഴിഞ്ഞ് പ്ലേറ്റുകളും സ്വയം കഴുകിവയ്ക്കും. പി സുന്ദരയ്യയുടെയും ഇഎംഎസ് നമ്ബൂതിരിപ്പാടിൻ്റെയും കാലം തൊട്ടേ അതങ്ങനെയാണ്. ചോറ്, പരിപ്പുകറി, തൈര്, ഉള്ളി, മുളക്, ചപ്പാത്തി ഇതെല്ലാമാണ് ഊണിനുള്ളത്. നല്ല ഭക്ഷണമാണ്. മാര്‍ക്‌സിസ്റ്റ് – ലെനിനിസ്റ്റ് ഊണാണിത്.’ ഹൗസ് കീപ്പിംഗ് ജീവനക്കാരനായ ബ്രിജ് ലാലിനൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചുകൊണ്ട് എം എ ബേബി പറയുന്നു.
പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് കാൻ്റീനിലെ മറ്റൊരു സ്ഥിരം സന്ദര്‍ശക. ‘മുൻപൊക്കെ ഇതിലും എത്രയോ അധികം ആളുകള്‍ കാൻ്റീനില്‍ ഭക്ഷണം കഴിക്കാൻ എത്താറുണ്ടായിരുന്നു. സത്യത്തില്‍ അക്കാലത്ത് ചില പാര്‍ലമെൻ്റ് അംഗങ്ങള്‍ പോലും ഞങ്ങളുടെ കാൻ്റീനിലാണ് ഭക്ഷണം കഴിക്കാൻ വന്നിരുന്നത്. പാര്‍ലമെൻ്റ് കാൻ്റീനില്‍ പോകുന്നതിനു പകരം അവര്‍ സഖാക്കള്‍ക്കൊപ്പം ഇവിടെയെത്തി ഭക്ഷണം കഴിക്കുമായിരുന്നു.’ ബൃന്ദ കാരാട്ട് ഓര്‍ക്കുന്നു.
‘ഫുഡ് ഷെല്‍ട്ടര്‍’ എന്നാണ് ബൃന്ദ കാരാട്ട് എകെജി ഭവൻ കാൻ്റീനിനെ വിശേഷിപ്പിക്കുന്നത്. വിഭവ സമൃദ്ധമായ സദ്യയല്ല, മറിച്ച് എല്ലാവര്‍ക്കും കഴിക്കാവുന്ന ലളിതമായ ഭക്ഷണമാ ണ് ഇവിടെ ലഭിക്കുക. എല്ലാവര്‍ക്കും താങ്ങാവുന്ന ഭക്ഷണമേ ഇവിടെയുള്ളൂ. പരിപ്പിനും പച്ചക്കറികള്‍ക്കുമൊപ്പം ആഴ്ചയില്‍ രണ്ടു ദിവസം മാംസാഹാരവും ലഭിക്കുമെന്ന് ബൃന്ദ കാരാട്ട് വിശദീകരിക്കുന്നു. ‘ചായയും കാപ്പിയും ഇവിടെയുണ്ട്. ഇവിടെ വരെ വന്ന സ്ഥിതിയ്ക്ക് എകെജി ഭവനിലെ ചായയോ കാപ്പിയോ എന്തായാലും കുടിച്ചേ തീരൂ എന്ന് പലരും പറയാറുണ്ട്. എകെജി ഭവനില്‍ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണിത്.’
ഉച്ചയ്ക്കും രാത്രിയ്ക്കും ലഭിക്കുന്ന ഭക്ഷണത്തിന് 12 രൂപയാണ് വില. ചായ, കാപ്പി എന്നിവയ്ക്ക് പണം നല്‍കേണ്ടതില്ല. രാവിലെ പത്തു മണി, ഉച്ച തിരിഞ്ഞ് മൂന്നര മണി, വൈകീട്ട് ആറു മണി എന്നിങ്ങനെ മൂന്നു നേരമാണ് കാൻ്റീനില്‍ ചായയും കാപ്പിയും ലഭിക്കുക. തിങ്കളാഴ്ചകളില്‍ കോഴിയിറച്ചിയും വെള്ളിയാഴ്ചകളില്‍ മുട്ടക്കറിയും ഊണിനൊപ്പം ഉണ്ടാകും. അല്ലാത്ത ദിവസങ്ങളില്‍ ചോറ്, ചപ്പാത്തി, പരിപ്പുകറി, തൈര് എന്നിവയാണ് പതിവ് ഊണ്. കാൻ്റീൻ നടത്തിപ്പിന് ആവശ്യമായ ഇന്ധനച്ചെലവ് പാര്‍ട്ടിയാണ് വഹിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ചെലവ് മാത്രമാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്.
ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നുള്ള രാമധര്‍ സിംഗാണ് കഴിഞ്ഞ 11 വര്‍ഷമായി കാൻ്റീനിലെ പാചകം കൈകാര്യം ചെയ്യുന്നത്. തൻ്റെ അംഗത്വ അപേക്ഷ സിപിഎം പരിഗണിക്കുന്നതും കാത്തിരിക്കുകയാണ് രാമധര്‍.