IndiaNEWS

ഒഡിഷ അപകടത്തിൽ പെട്ടത് 3 ട്രെയിനുകള്‍, മരണം 250 കടന്നു, 1000ലധികം പേർക്ക് പരിക്ക്,  പരിക്കേറ്റവരിൽ നാല് തൃശ്ശൂർ സ്വദേശികളും; 48 ട്രെയിനുകള്‍ റദ്ദാക്കി

 രാജ്യത്തെയാകെ ഞെട്ടിച്ച ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഇതിനോടകം 50 പേര്‍ മരിച്ചു. അപകടത്തില്‍ 1000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അപകട സ്ഥലത്തു നിന്ന് 130 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് ഒഡിഷ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സുധാന്‍ഷു സാരംഗി പറഞ്ഞു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്.

  വെള്ളിയാഴ്ച രാത്രി 7.20 ഓടേയാണ്  അപകടം നടന്നത്. ബെംഗളൂരുവില്‍നിന്ന് കൊല്‍ക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുര്‍-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപം പാളംതെറ്റി മറിഞ്ഞാണ് ആദ്യ അപകടം സംഭവിച്ചത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളില്‍ ഇടിച്ചുമറിഞ്ഞു. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു. ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ പത്തിലേറെ കോച്ചുകള്‍ പാളംതെറ്റി മറിഞ്ഞു.
ഇരു ട്രെയിനിലെയുമായി 20ഓളം ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്.
കൂട്ടിയിടിച്ചും പാളംതെറ്റിയും മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്  റിപ്പോര്‍ട്ടുകൾ പറയുന്നു.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച നടത്താനിരുന്ന ഗോവ – മുംബൈ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവും അപകടത്തെ  തുടർന്ന് മാറ്റിവച്ചു.

പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്ക് നിസ്സാര പരിക്കുകളെ ഉള്ളു. ഒരാളുടെ പല്ലുകള്‍ തകര്‍ന്നു, മറ്റൊരാള്‍ക്ക് കൈയ്ക്കും പരിക്കുണ്ട്. അപകടം നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടുകാരുടെ സഹായത്തോടെ ഇവര്‍ നാട്ടിലേക്കു ബന്ധപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഒരു ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍സ് ജോലികള്‍ക്ക് പോയി മടങ്ങുമ്പോഴാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. തങ്ങള്‍ സഞ്ചരിച്ച ബോഗി മറിയാത്തതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഇവർ അറിയിച്ചു. എ.സി, സ്ലീപ്പര്‍ ബോഗികളാണ് അധികവും അപകടത്തില്‍പ്പെട്ടത്.
ഇവരോടൊപ്പമുണ്ടായിരുന്ന നാലുപേര്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിരുന്നു.

ഒഡിഷയില്‍ ശനിയാഴ്ച ഔദ്യോഗിക ദുഃഖാചരണത്തിന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആഹ്വാനം ചെയ്തു.

അപകടകാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു. അശ്വിനി വൈഷ്ണവ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നാടിക്കും രാവിലെ അപകട സ്ഥലം സന്ദർശിക്കും.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും സാരമല്ലാത്ത പരിക്കുള്ളവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷംരൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു

Back to top button
error: