IndiaNEWS

ഒഡീഷയിലെ ടെയിൽ അപകടം, 50 യാത്രക്കാര്‍ മരിച്ചു; 300 ഓളം പേര്‍ക്ക് പരുക്ക്

   പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ഒഡീഷയില്‍ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 50ലധികം പേർ മരിച്ചു.  വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത റെയിൽവേ അധികൃതരോ സർക്കാരോ സ്ഥിരീകരിച്ചിട്ടില്ല. ബാലസോര്‍ ജില്ലയിലെ ബഹാനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്. ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോകുകയായിരുന്നു ഗുഡ്സ് ട്രെയിൻ. മറിഞ്ഞ ബോഗികൾക്കിടയിൽ 300ലധികം പേർ കുടുങ്ങിയതായാണ് വിവരം. പരുക്കേറ്റ നിരവധി പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ചുമതലപ്പെടുത്തി. ബാലസോർ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു.

വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. നാളെ (ശനി) വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്.

ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എക്സ്പ്രസ് ട്രെയിനിന്റെ നാല് കോച്ചുകള്‍ പാളം തെറ്റി. ബാലസോര്‍ ജില്ലാ മജിസ്ട്രേറ്റിനോട് അപകടസ്ഥലത്ത് എത്താനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാനും സംസ്ഥാന തലത്തില്‍ നിന്ന് എന്തെങ്കിലും അധിക സഹായം ആവശ്യമുണ്ടെങ്കില്‍ എസ്ആര്‍സിയെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടിയിടിച്ചതിന് ശേഷം കോറോമാണ്ടല്‍ എക്സ്പ്രസിന്റെ എഞ്ചിന്‍ ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കയറിയതായി പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നു. രണ്ട് ട്രെയിനുകളും ഒരേ റെയില്‍വേ ട്രാക്കിലായിരുന്നുവെന്നാണ്  വിവരം. അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: