NEWSWorld

വേദിയില്‍ കമിഴ്ന്നടിച്ചുവീണ് ബൈഡന്‍; ഹെലികോപ്റ്ററിലും തലയിടിച്ചു

വാഷിങ്ടന്‍: വ്യോമസേന അക്കാദമിയിലെ ചടങ്ങിനിടെ വേദിയില്‍ കമിഴ്ന്നടിച്ചുവീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കൊളറാഡോയില്‍ എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ബിരുദദാന ചടങ്ങിനിടെയാണു സംഭവം. ബൈഡനു സാരമായ പരുക്കുകളില്ലെന്നാണു സൂചന. വീഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോടു സംസാരിച്ച് ഹസ്തദാനം നല്‍കി ഇരിപ്പിടത്തിലേക്കു നടക്കുമ്പോഴാണു ബൈഡന്‍ വീണത്. വേദിയിലെ എന്തിലോ കാല്‍തട്ടി മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഓടിയെത്തിയ സുരക്ഷാസേന ബൈഡനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഭാവഭേദമില്ലാതെ എഴുന്നേറ്റ ബൈഡന്‍, തന്റെ വീഴ്ചയ്ക്കു കാരണമായ തടസ്സത്തിനു നേര്‍ക്കു വിരല്‍ചൂണ്ടുകയും തമാശ പറഞ്ഞ് ഇരിപ്പിടത്തിലേക്കു നീങ്ങുകയും ചെയ്തു.

വേദിയിലെ ചെറിയ മണല്‍ബാഗില്‍ തട്ടിയാണു ബൈഡന്‍ വീണതെന്നും അദ്ദേഹത്തിനു കുഴപ്പമില്ലെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ബെന്‍ ലാബോള്‍ട്ട് ട്വീറ്റ് ചെയ്തു. എയര്‍ ഫോഴ്‌സ് വണ്‍, മറീന്‍ വണ്‍ എന്നിവയില്‍ തിരികെ വൈറ്റ് ഹൗസിലേക്കു തിരിച്ച ബൈഡനു പിന്നെയും അപകടമുണ്ടായി. ഹെലികോപ്റ്ററില്‍നിന്നു പുറത്തു കടക്കവേ വാതിലില്‍ തലയിടിക്കുകയായിരുന്നു. പരുക്കേറ്റില്ലെന്ന മട്ടിലാണു ബൈഡന്‍ അപ്പോഴും മുന്നോട്ടു നടന്നത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എണ്‍പതുകാരനായ ബൈഡന്‍.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: