ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ജോലി? അതേ, ഒരു പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയ്ക്ക് ഗെയിം കളിക്കാൻ ഒരാളെ വേണം. ചുമ്മാതല്ല ശമ്പളമായി പത്തുലക്ഷം രൂപ നൽകും. പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡ് ആയ iQOO ആണ് ചീഫ് ഗെയിമിംഗ് ഓഫീസറെ (സിജിഒ) തേടുന്നത്. മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി പറയുന്നത്. ഗെയിമിങ്ങിനോട് അതിയായ അഭിനിവേശമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ആറുമാസത്തേക്ക് പത്തുലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക.
ഈ അവസരം 25 വയസ്സിന് താഴെയുള്ള യുവ ഗെയിമിംഗ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ്, ഗെയിമിംഗിനോടുള്ള അവരുടെ ഇഷ്ടം പൂർത്തീകരിക്കുന്നതോടൊപ്പം ലാഭകരമായ ഒരു കരിയറാക്കി മാറ്റാനുള്ള അവസരവുമാണ് കമ്പനി ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കമ്പനിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആറുമാസക്കാലം കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കണം.
ലോകത്തിലെ ഏറ്റവും കൂൾ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു എന്ന കുറിപ്പോടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഇതുമായി ബന്ധപ്പെട്ട പരസ്യം നൽകിയിരിക്കുന്നത്. ഗെയിംപ്ലേ, ഗെയിമിംഗ് ശൈലി, അവതരണം, ഗെയിം വ്യാഖ്യാനങ്ങൾ തുടങ്ങിയ എല്ലാ വശങ്ങളെക്കുറിച്ചും അറിവുള്ളവർ ആയിരിക്കണം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ.
ഇത്തരത്തിൽ നിയോഗിക്കപ്പെടുന്ന ഗെയിമറുടെ സഹായത്തോടെ ഇന്ത്യൻ ഗെയിമർമാർക്ക് ആവേശകരമായ ഗെയിമിംഗ് അനുഭവങ്ങൾ നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ ഗെയിമിംഗ് മേഖലയെ വിപുലപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നതായാണ് iQOO- സിഇഒ നിപുൻ മരിയ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.