BusinessTRENDING

ഏത് ആദായ നികുതി ഫോമാണ് നിങ്ങൾ നൽകേണ്ടതെന്ന് സംശയത്തിലാണോ? ശരിയായ ഐടിആർ ഫയലിംഗ് ഫോം തിരഞ്ഞെടുക്കാം

ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാനുള്ള കാലാവധി 2023 ജൂലൈ 31 വരെയാണ്. ഏത് ആദായ നികുതി ഫോമാണ് നിങ്ങൾ നൽകേണ്ടതെന്ന് സംശയത്തിലാണോ? ഒരു വ്യക്തിക്ക് നാല് ആദായ നികുതി റിട്ടേൺ (ITR) ഫോമുകൾ ബാധകമാണ്. ഓൺലൈൻ ആയും ഇപ്പോൾ ഐടിആർ ഫയൽ ചെയ്യാം.

ശരിയായ ഐടിആർ ഫയലിംഗ് ഫോം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഐടിആർ ഫയൽ ചെയ്യുമ്പോഴുള്ള ഏറ്റവും സാധാരണമായ തെറ്റുകളിലൊന്ന് തെറ്റായ ഐടിആർ ഫോം ഉപയോഗിക്കുന്നതാണ്. തെറ്റായ ഫോം ഉപയോഗിക്കുന്നത് ആദായനികുതി വകുപ്പ് അപേക്ഷ നിരസിക്കാൻ കാരണമായേക്കും

ആരാണ് ഐടിആർ ഫയൽ ചെയ്യേണ്ടത്?

നിങ്ങളുടെ വരുമാനത്തിന്റെ ആകെത്തുക അടിസ്ഥാന ഇളവ് പരിധിയുടെ പരിധിയേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾ നിർബന്ധമായും ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്. എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും ഉൾപ്പെടുത്തണം. 60 വയസ്സിന് താഴെയുള്ളവർക്ക് 2.50 ലക്ഷം രൂപയും 60-നും 80-നും ഇടയിൽ പ്രായമുള്ളവർക്ക് 3 ലക്ഷം രൂപയുമാണ് അടിസ്ഥാന ഇളവിന്റെ പരിധി. 80 വയസ്സിന് മുകളിലുള്ളവർക്ക് ഇത് 5 ലക്ഷം രൂപയാണ്. ഐടിആർ ഫയൽ ചെയ്യുന്നതിനായി ഫോം-16 സമർപ്പിക്കണം. സാധാരണയായി, ശമ്പളമുള്ള വ്യക്തികൾക്ക് അവരുടെ തൊഴിലുടമയിൽ നിന്ന് ജൂൺ 15-നോ അതിന് മുമ്പോ ഫോം 16 ലഭിക്കും.

ശരിയായ ഐടിആർ ഫയലിംഗ് ഫോമിന്റെ തിരഞ്ഞെടുപ്പ് പ്രാഥമികമായി ഒരു വ്യക്തിയുടെ വരുമാന സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ശമ്പളമുള്ള വ്യക്തിയാണെങ്കിൽ, ഐടിആർ ഫോം 1 ഉപയോഗിച്ച് റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ, ശമ്പള വരുമാനവും നിക്ഷേപത്തിൽ നിന്നുള്ള മൂലധന നേട്ടവും ഉണ്ടെങ്കിൽ, ഐടിആർ ഫോം 2 ഉപയോഗിക്കണം. ബിസിനസ്സ് ചെയ്യുന്ന, സ്വയം തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ, ഐടിആർ ഫോം 3 ഉപയോഗിച്ച് നിങ്ങളുടെ റിട്ടേൺ ഫയൽ ചെയ്യണം.

  • ഐടിആർ-1

50 ലക്ഷം രൂപ വരെ മൊത്ത വരുമാനമുള്ള വ്യക്തികൾക്ക് ഈ ഫോം ഉപയോഗിക്കാം. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, ഭവന സ്വത്ത്, കാർഷിക വരുമാനം എന്നിവ 5,000 രൂപ വരെയുള്ളവർക്കും ഇതേ ഫോം ഉപയോഗിക്കാം.

  • ഐടിആർ-2

ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു ഹിന്ദു അവിഭക്ത കുടുംബത്തിന്റെ (HUF) ഉപയോഗത്തിനുള്ളതാണ് ഈ ഫോം. 50 ലക്ഷം രൂപയിൽ കൂടുതലാണ് ശമ്പള വരുമാനം എന്നുണ്ടെങ്കിലും ഈ ഫോം സമർപ്പിക്കണം. വ്യക്തിയുടെ കാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലാണെങ്കിൽ, മൂലധന നേട്ടത്തിൽ നിന്ന് വരുമാനം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, പെൻഷൻ വഴിയോ ശമ്പളം വഴിയോ വരുമാനം ഉണ്ടെങ്കിൽ, വസ്തുവിൽ നിന്ന് ലഭിക്കുന്ന വരുമാനമുണ്ടെങ്കിൽ, ലോട്ടറിയിൽ നിന്നോ കുതിരപ്പന്തയത്തിൽ നിന്നോ വരുമാനം ഉണ്ടെങ്കിൽ ഇതേ ഫോം ഫയൽ ചെയ്യണം.

  • ഐടിആർ 3

ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ രണ്ടു കോടി രൂപയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കുമുള്ളതാണ് ഈ ഫോം.

  • ഐടിആർ-4

1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 44AD, സെക്ഷൻ 44ADA, സെക്ഷൻ 44AE എന്നിവ പ്രകാരം അനുമാന വരുമാന പദ്ധതിയും തെരഞ്ഞെടുത്തവർ ഈ ഫോം ഫയൽ ചെയ്യണം. തൊഴിലിൽ നിന്നോ ബിസിനസിൽ നിന്നോ വരുമാനമുള്ള പൗരൻമാർക്കും, കുടംബങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഈ ഫോം ഉപയോഗിക്കാം. എന്നാൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പുകൾക്ക് (LLPs) ഈ ഫോം തെരഞ്ഞെടുക്കാൻ കഴിയില്ല.

  • ഐടിആർ-5

ബിസിനസ് ട്രസ്റ്റുകൾ, നിക്ഷേപ ഫണ്ടുകൾ, എസ്റ്റേറ്റ് ഓഫ് ഇൻസോൾവന്റ്, എസ്റ്റേറ്റ് ഓഫ് ഡെഡ്, ആർട്ടിഫിഷ്യൽ ജുറിഡിക്കൽ പേഴ്സൺ (എ.ജെ.പി), ബോഡി ഓഫ് വ്യക്തികൾ (ബി.ഒ.ഐ), വ്യക്തികളുടെ അസോസിയേഷനുകൾ (എ.ഒ.പി), എൽ.എൽ.പികൾ, സ്ഥാപനങ്ങൾ എന്നിവ ഐടിആർ- 5 ഫോം തെരഞ്ഞെടുക്കണം.

  • ഐടിആർ-6

സെക്ഷൻ 11 പ്രകാരം ഇളവ് ക്ലെയിം ചെയ്യുന്ന കമ്പനികൾ ഒഴികെയുള്ള കമ്പനികൾക്ക് വേണ്ടിയുള്ളത്

  • ഐടിആർ-7

139(4A) അല്ലെങ്കിൽ 139(4B) അല്ലെങ്കിൽ 139(4C) അല്ലെങ്കിൽ 139(4D) എന്നിവ പ്രകാരം റിട്ടേൺ നൽകേണ്ട കമ്പനികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് മാത്രം

Back to top button
error: