CrimeNEWS

എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടി; ബിലിവേഴ്സ് സഭാ അധ്യക്ഷ​ന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ നിരണം പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് പഞ്ചായത്ത്‌ പ്രസിഡന്റിനെ തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെ.പി പുന്നൂസ് (80) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബിലിവേഴ്സ് സഭാ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ (കെ.പി. യോഹന്നാൻ) സഹോദരനും പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.പി. പുന്നൂസിനെ കോട്ടയം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ കബളിപ്പിച്ചുവെന്നാണ് കേസ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് പരാതിക്കാരൻ.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽ നിന്നും മകൾക്ക് സ്പോട്ട് അഡ്മിഷനിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു. ഇയാൾ പറഞ്ഞതിൻ പ്രകാരം മധ്യവയസ്കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എം.ബി.ബി. എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാതിരിക്കുകയും, പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

 

 

Back to top button
error: