തിരുവനന്തപുരം:മൂന്ന് ഡിജിപിമാരും 9 എസ്.പിമാരും നാളെ വിരമിക്കുന്നതോടെ പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി വരും.
ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ, എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണൻ, കേന്ദ്ര ഡെപ്യൂട്ടേഷനിലെ അരുണ്‍കുമാര്‍ സിൻഹ (എസ്.പി.ജി മേധാവി) എന്നിവരാണ് നാളെ വിരമിക്കുന്നത്. ഇതോടെ എ.ഡി.ജി.പിമാരായ നിതിൻ അഗര്‍വാള്‍ (സി.ആര്‍.പി.എഫ്), കെ. പദ്മകുമാര്‍ (പൊലീസ് ആസ്ഥാനം), ഷേഖ് ദര്‍വേഷ് സാഹിബ് (ക്രൈംബ്രാഞ്ച് മേധാവി) എന്നിവര്‍ക്ക് ഡി.ജി.പി റാങ്ക് ലഭിക്കും.
ഐ.ജിമാരായ ജി. ലക്ഷ്മണ്‍, അശോക് യാദവ് എന്നിവര്‍ക്ക് എ.ഡി.ജി.പി പദവി ലഭിക്കും.ഫയര്‍ഫോഴ്സ്, ക്രൈംബ്രാഞ്ച്, എക്സൈസ്, ജയില്‍ എന്നിവിടങ്ങളില്‍ പുതിയ മേധാവിമാരും വരും.
ഡി.ജി.പി അനില്‍കാന്ത് ജൂണ്‍ 30നാണ് വിരമിക്കുന്നത്.ഡിജിപിയെ നിയമിക്കാനുള്ള കേന്ദ്രപാനല്‍ തയ്യാറാക്കാനുള്ള ഉന്നതതല യോഗം ജൂണ്‍ ആദ്യവാരം ഡല്‍ഹിയില്‍ നടക്കും. യോഗത്തില്‍ ഡിജിപി അനില്‍കാന്തും ചീഫ്സെക്രട്ടറി വി.പി.ജോയിയും പങ്കെടുക്കും.
പുതിയ പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള അന്തിമപാനലില്‍ 8 മുതിര്‍ന്ന ഐ.പി.എസുകാരാണുള്ളത്. സംസ്ഥാനത്തുള്ള അഞ്ച്, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ ഇതിലുണ്ട്. 30വര്‍ഷം സര്‍വീസുള്ള 8 ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പട്ടികയിലുള്ളത്. യു.പി.എസ്.സി ചെയര്‍മാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, സംസ്ഥാന ചീഫ്സെക്രട്ടറി, പൊലീസ് മേധാവി എന്നിവരടങ്ങിയ സമിതി ഇതില്‍ നിന്ന് മൂന്നംഗ അന്തിമപാനല്‍ തയ്യാറാക്കി ഡിജിപി നിയമനത്തിനായി സംസ്ഥാന സര്‍ക്കാരിന് കൈമാറും. യു.പി.എസ്.സി നല്‍കുന്ന മൂന്നംഗപാനലില്‍ നിന്ന് സംസ്ഥാന സര്‍ക്കാരാണ് പോലീസ് മേധാവിയെ നിയമിക്കേണ്ടത്.
പട്ടികയിലുള്ളവര്‍ ഇവരാണ്- സി.ആര്‍.പി.എഫ് അഡി.ഡയറക്ടര്‍ നിതിൻ അഗര്‍വാള്‍, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പദ്മകുമാര്‍, ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാര്‍, തീരദേശ പൊലീസ് എ.ഡി.ജി.പി സഞ്ജീബ് കുമാര്‍ പട്ജോഷി, ബിവറേജസ് കോര്‍പറേഷൻ എം.ഡി യോഗേഷ് ഗുപ്ത, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അഡി.ഡയറക്ടര്‍മാരായ ഹരിനാഥ്മിശ്ര, രവാഡാ ചന്ദ്രശേഖര്‍. നിയമിക്കപ്പെടുന്നവരെ രണ്ടുവര്‍ഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. രണ്ടു വര്‍ഷം വരെ കാലാവധി നീട്ടാനും സംസ്ഥാനത്തിന് അധികാരമുണ്ട്. നിതിൻ അഗര്‍വാളാണ് പട്ടികയിലെ ഏറ്റവും സീനിയര്‍.