KeralaNEWS

കേരള സര്‍വകലാശാല ആസ്ഥാനത്തെ പ്രവര്‍ത്തനം; സര്‍വീസ് സംഘടനകള്‍ക്കെതിരേ നടപടിക്കൊരുങ്ങി വി.സി

തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് സര്‍വീസ് സംഘടനകളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതില്‍ നടപടിക്കൊരുങ്ങി വൈസ് ചാന്‍സിലര്‍. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലാ വളപ്പില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാര്‍ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കി. സംഘടനകള്‍ ഓഫീസുകളില്‍ ഉപയോഗിച്ച വൈദ്യുതി, വെള്ളം, തുടങ്ങിയ വിവരങ്ങള്‍ അന്വേഷിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സങ്ക് കഴിഞ്ഞദിവസം അനധികൃതമായി സര്‍വകലാശാല കെട്ടിടം കയ്യേറാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയോടെയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സിലര്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സംഘടന ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയമം ലഭ്യമല്ലെന്നും, കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഇക്കാര്യത്തില്‍ രജിസ്ട്രാര്‍ വിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Signature-ad

ഇതിനു പിന്നാലെയാണ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംഘടനകളോട് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. സംഘടനകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കുമെന്നാണ് സൂചന. നിലവില്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഓഫീസുകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിച്ച വൈദ്യുതി, വെള്ളം എന്നിവയുടെ വിവരങ്ങള്‍ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളത്തിനും വൈദ്യുതിക്കുമുള്ള തുക ആരാണ് ഒടുക്കുന്നതെന്ന് അന്വേഷിക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു.

Back to top button
error: