ഗുണഗണങ്ങളുടെ കലവറയാണ് നമ്മുടെ സ്വന്തം പപ്പായ. ഫൈബര്‍, ആന്റി-ഓക്‌സിഡന്റ്‌സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന ഘടകങ്ങളാണ്.
പപ്പായ നമുക്ക് എപ്പോള്‍ വേണമെങ്കിലും കഴിക്കാം. എന്നാലിത് രാവിലെ വെറുംവയറ്റില്‍ തന്നെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് എന്തുകൊണ്ടാണെന്ന് അറിയാമോ? അറിയാം കാരണങ്ങള്‍…
- രാവിലെ നാം കഴിക്കുന്ന ഭക്ഷം ദീര്‍ഘനേരത്തേക്ക് വീണ്ടും വിശപ്പ് അനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നതാകണം. അല്ലെങ്കില്‍ വീണ്ടും എന്തെങ്കിലും കഴിക്കേണ്ടി വരാം. ഇത് ഒരേസമയം പ്രയാസവുമാണ് അതുപോലെ തന്നെ വണ്ണം കൂടുന്നതിലേക്കും നയിക്കാം. പപ്പായ നമ്മെ ദീര്‍ഘനേരം വിശപ്പനുഭവപ്പെടാതെ പോകാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന ഫൈബറും പ്രോട്ടീനുമാണ് ഇതിന് സഹായിക്കുന്നത്.
- പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമാണ്. ഇത് വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കപ്പെടുകയും ചെയ്യാം.
- നേരത്തെ സൂചിപ്പിച്ചത് പോലെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും രാവിലെ ദിവസം തുടങ്ങാന്‍ യോജിച്ച ഭക്ഷണമാണിത്. കാരണം അമിതമായി മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് തടയാനിത് സഹായിക്കുന്നു. അതുപോലെ ദഹനം എളുപ്പത്തിലാക്കുന്നുവെന്നതും വെയിറ്റ് ലോസ് ഡയറ്റില്‍ രാവിലത്തെ വിഭവമാക്കാന്‍ പപ്പായയെ അര്‍ഹമാക്കുന്നു.
- ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും പപ്പായ സഹായിക്കുന്നു. ഇങ്ങനെയും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ പപ്പായ സ്വാധീനിക്കുന്നുണ്ട്. വേറെ തരത്തിലും ചര്‍മ്മത്തിന്റെ അഴകിനും ആരോഗ്യത്തിനും പപ്പായ സഹായകമാണ്. വെറുംവയറ്റില്‍ കഴിക്കുക കൂടിയാകുമ്പോള്‍ ചര്‍മ്മത്തിന് അത് കൂടുതല്‍ ഗുണകരമായി വരുന്നു.
- പപ്പായയില്‍ വൈറ്റമിന്‍-സി കാര്യമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രാവിലെ തന്നെ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരം പരമാവധി എടുക്കും. അങ്ങനെ വരുമ്പോള്‍ പപ്പായ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ കാര്യമായി ലഭിക്കാന്‍ രാവിലെ തന്നെ കഴിക്കുന്നത് സഹായിക്കും.