KeralaNEWS

കുങ്കിയാനകള്‍ എത്തി, അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ശ്രമം ആരംഭിച്ചു; കമ്പത്ത് നിരോധനാജ്ഞ

ഇടുക്കി: തമിഴ്നാട്ടിലെ കമ്പം ടൗണിനെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉള്‍വനത്തിലേക്ക് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സുരുളിപ്പട്ടി മേഖലയില്‍ ആന ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. അരിക്കൊമ്പനെ സ്ഥലത്തുനിന്ന് നീക്കുന്നതിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ആനമലയില്‍നിന്നുള്ള സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളെയാണ് എത്തിച്ചിട്ടുള്ളത്. കോയമ്പത്തൂരില്‍നിന്നെത്തിയ മയക്കുവെടിസംഘവും സുരുളിപ്പെട്ടിയിലുണ്ട്.

ശനിയാഴ്ച കമ്പം മേഖലയില്‍ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പന്‍ രാത്രിയിലും പരാക്രമം തുടര്‍ന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയോടെ ആന എവിടെയെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. റേഡിയോ കോളറില്‍നിന്നുള്ള സിഗ്‌നല്‍ ലഭിക്കാത്തത് ഇതിന് തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പിന്നീട് ആറരയോടെയാണ് ആന സുരുളിപ്പെട്ടിയിലുണ്ടെന്ന് മനസ്സിലാക്കാനായത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടിക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. 30 വരെ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ശനിയാഴ്ച രാവിലെമുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ടൗണിലൂടെ തലങ്ങും വിലങ്ങും ഓടിയ കാട്ടാന വലിയ പരിഭ്രാന്തിയും ചെറിയതോതില്‍ നാശനഷ്ടങ്ങളും ഉണ്ടാക്കിയിരുന്നു. ആന അഞ്ചിലധികം വാഹനങ്ങള്‍ കുത്തിമറിച്ചിട്ടു. ആനയെക്കണ്ട് ബൈക്ക് തിരിക്കുന്നതിനിടെ മറിഞ്ഞുവീണ ഒരാള്‍ക്ക് പരിക്കേറ്റു. ഒട്ടേറെപ്പേര്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ മുമ്പില്‍നിന്ന് രക്ഷപ്പെട്ടത്. മുള്ളുവേലി തകര്‍ക്കുന്നതിനിടെ തുമ്പിക്കൈയ്ക്ക് മുറിവുണ്ടായിട്ടുണ്ട്. തമിഴ്‌നാട് വെറ്ററിനറി സര്‍ജന്‍ അടക്കമുള്ളവര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്.

ചിന്നക്കനാലിന് ഭീഷണിയായിരുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി ഏപ്രില്‍ 29-ന് പെരിയാര്‍ കടുവസങ്കേതത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടിലെ മേഘമല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അരിക്കൊമ്പന്‍ എത്തി.

Back to top button
error: