റാന്നി: അറയാഞ്ഞിലിമണ്ണിലും കുരുമ്ബൻമൂഴിയിലും ഇരുമ്ബ് പാലങ്ങള്‍ നിര്‍മ്മിക്കാൻ സര്‍ക്കാരിന്റെ അന്തിമാനുമതിയായതായി അഡ്വ.പ്രമോദ് നാരായണ്‍ എം.എല്‍.എ അറിയിച്ചു. സംസ്ഥാന പട്ടികവര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്.
മൂന്നുവശവും ഘോരവനത്താലും ഒരുവശം പമ്ബാനദിയാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലിമണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്ബൻ മൂഴിയും . 400 ഓളം കുടുംബങ്ങളുണ്ട് ഇവിടെ. ഇതില്‍ പകുതിയോളം പട്ടികജാതി- പട്ടികവര്‍ഗ വിഭാഗമാണ്. 20 വര്‍ഷം മുമ്ബ് നിര്‍മ്മിച്ച ഉയരം കുറഞ്ഞ അറയാഞ്ഞിലിമണ്‍, കുരുമ്ബൻ മൂഴി കോസ് വേകളാണ് ഇവിടങ്ങളിലേക്ക് എത്താനുള്ള ഏകമാര്‍ഗം.
പമ്ബാനദിയിലെ ജലനിരപ്പ് ഉയരുന്നതോടെ കോസ്‌വേകള്‍ മുങ്ങി പ്രദേശങ്ങള്‍ ആഴ്ചകളോളം ഒറ്റപ്പെടും. വര്‍ഷത്തില്‍നാലും അഞ്ചും തവണ ഇത് സംഭവിക്കും. അടിയന്തരഘട്ടങ്ങളില്‍ ആശുപത്രിയില്‍ പോകാനോ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനോ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ജനങ്ങളുടെ ദുരിതം പ്രമോദ് നാരായണ്‍ എം.എല്‍.എ പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ ശ്രദ്ധയില്‍ പ്പെടുത്തിയതോടെയാണ് ഫണ്ട് അനുവദിച്ചത്.പാലത്തിനായുള്ള രൂപരേഖയും എസ്റ്റിമേറ്റും നേരത്തെ തയ്യാറാക്കിയിരുന്നു.