IndiaNEWS

2000 രൂപ നോട്ട് പുറത്തിറക്കിയതും നിരോധിച്ചതും പൂഴ്‌ത്തിവയ്പ്പുകാരെ പറ്റിക്കാൻ: സംവിധായകനും നടനുമായ വിജയ് ആന്റണി

ചെന്നൈ:2000 രൂപ നോട്ട് പുറത്തിറക്കിയതും ഇപ്പോൾ നിരോധിച്ചതും പണം പൂഴ്ത്തി വയ്ക്കുന്നവരെ പറ്റിക്കാനായിരുന്നെന്നും കേന്ദ്രത്തിന്റെ തീരുമാനം വളരെ ശരിയാണെന്നും സംവിധായകനും നടനുമായ വിജയ് ആന്റണി.
ചെന്നൈയിലെ തിയറ്ററില്‍ ആരാധകര്‍ക്കൊപ്പം ‘പിച്ചൈക്കാരൻ 2’ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നോട്ട് നിരോധനത്തെപ്പറ്റി വിജയ് ആന്റണി വാചാലനായത്.
2016-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പിച്ചൈക്കാരനുള്ള വിചിത്രമായ യാദൃശ്ചികതയെക്കുറിച്ചാണ് മാധ്യമ പ്രവർത്തകന്റെ ചോദ്യം. ‘പിച്ചൈക്കാരൻ’ റിലീസ് സമയത്താണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിൻവലിച്ചത്. സമാനമായി ‘പിച്ചൈക്കാരൻ 2’ പുറത്തിറങ്ങി കൃത്യം ഒരു ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടായിരം രൂപ നോട്ടുകളും നിരോധിച്ചു.
കൃത്യമായ ആസൂത്രണത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചതെന്നും ഇത് രാജ്യത്തെ സാധാരണക്കാരെയും ഭൂരിപക്ഷം ജനങ്ങളെയും ഒരു തരത്തിലും ബാധിക്കില്ലെന്നും താരം പറഞ്ഞു.
‘ഇത് യാദൃശ്ചികമായി സംഭവിച്ചതല്ല, കൃത്യമായ ആസൂത്രണം നടത്തിയാണ് നോട്ട് നിരോധിച്ചത്. പത്തു രൂപ നോട്ട് കള്ളനോട്ട് ആകില്ല. ഉയര്‍ന്ന മൂല്യമുള്ള നോട്ടായതിനാല്‍ അവര്‍ കള്ളനോട്ടുകള്‍ അടിച്ചിറക്കും. ഇത് തടയാൻ സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചു. എന്നാല്‍, അവര്‍ 2000 രൂപ നോട്ട് പുറത്തിറക്കി. പക്ഷേ, അവര്‍ ഈ 2000 രൂപ നോട്ട് പുറത്തിറക്കിയത് കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കിയതിന് ശേഷമായിരുന്നു. 2000 രൂപ നോട്ട് പുറത്തിറക്കിയാല്‍ പലരും അത് വാങ്ങി പൂഴ്‌ത്തിവെയ്‌ക്കും. ആ പൂഴ്‌ത്തിവെപ്പുകാരെയെല്ലാം പിടികൂടാൻ പദ്ധതിയിട്ട് 2000 രൂപ നോട്ട് തിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളെയും ഈ പ്രഖ്യാപനം ബാധിച്ചിട്ടില്ല. 2000 രൂപ നോട്ടുകള്‍ കൂടുതലായി പൂഴ്‌ത്തി വച്ചിരിക്കുന്നവരെയാണ് ഇത് ബാധിക്കുന്നത്’- വിജയ് ആന്റണി പറഞ്ഞു

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: