KeralaNEWS

സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ഉദ്‌ഘാടനം ജനകീയ ഉത്സവമാക്കും; ജൂൺ അഞ്ചിന് നാടെങ്ങും വിപുലമായ പരിപാടികൾ

സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണിന്റെ ഉദ്‌ഘാടനം ജനകീയ ഉത്സവമാക്കും. ജൂൺ അഞ്ചിന്‌ നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ഈ സമയം എല്ലാ മണ്ഡലത്തിലും വിപുലമായ പരിപാടി നടക്കും. എം.എൽ.എമാർ നേതൃത്വം നൽകും. ഇവിടെ സംസ്ഥാനതല പരിപാടിയുടെ തത്സമയ സംപ്രഷണവുമുണ്ടാകും. ഗുണഭോക്താക്കളുടെ വീടുകളിലും തദ്ദേശസ്ഥാപനങ്ങളിലും ആഘോഷം സംഘടിപ്പിക്കും.

ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ചതിന്റെ തുടർച്ചയായിട്ടാണ്‌ സംസ്ഥാനത്ത്‌ കേരള ഫൈബർ ഒപ്‌റ്റിക്‌ നെറ്റ്‌വർക്ക്‌(കെ ഫോൺ) വഴി സാർവത്രിക ഇന്റർനെറ്റ്‌ ലഭ്യത ഉറപ്പാക്കാൻ തീരുമാനിച്ചത്‌. പദ്ധതിയിലൂടെ 30,000 സർക്കാർ സ്ഥാപനത്തിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ സൗജന്യ നിരക്കിലും ഇന്റർനെറ്റ്‌ നൽകും.
വീടുകൾക്കുള്ള കണക്ഷൻ വിഷുദിനത്തിൽ നൽകിത്തുടങ്ങി. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ 100 വീതം വീടുകൾക്കാണ്‌ സൗജന്യ കണക്ഷൻ. 26,542 സർക്കാർ ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കണക്ഷനുള്ള അനുബന്ധ ഉപകരണം സ്ഥാപിച്ചു.
ഇതിൽ 18,700 സ്ഥാപനം കെ ഫോൺ ഇന്റർനെറ്റിൽ പ്രവർത്തിക്കുന്നു. 25,663 കിലോമീറ്ററിൽ കേബിൾ സ്ഥാപിച്ചു. ഇൻഫ്രാസ്‌ട്രക്‌ചർ പ്രൊവൈഡർ (ഐപി 1) സർട്ടിഫിക്കേഷൻ, ഇന്റർനെറ്റ്‌ സർവീസ്‌ പ്രൊവൈഡർ (ഐസ്‌പി-ബി) സർട്ടിഫിക്കേഷൻ എന്നിവയും കെ ഫോണിന്‌ ലഭിച്ചിട്ടുണ്ട്‌.

Back to top button
error: