NEWSPravasi

പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബിജോയ് പാലാക്കുന്നേലിന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം

കുവൈറ്റിൽ നിന്നും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന സംഘടനാ പ്രവർത്തകന് വേറിട്ടൊരു ഉപഹാരവുമായി സുഹൃത്തുക്കൾ. സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ (എസ്എംസിഎ) പ്രവർത്തനങ്ങളിലൂടെയും, സാമൂഹ്യ നാടകങ്ങളുടെ സംവിധായകൻ എന്ന നിലയിലും കുവൈറ്റ് മലയാളികൾക്ക് സുപരിചിതനായ ബിജോയ് പാലാക്കുന്നേൽ നാട്ടിലേയ്ക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഒരു വീഡിയോ നിർമ്മിച്ചാണ് സുഹൃത്തുക്കൾ യാത്രയയപ്പ് നൽകിയത്. പ്രവാസത്തെ ബൈബിൾ കഥകളുമായി കൂട്ടിയിണക്കിയാണ് 2 മിനിറ്റ് വീഡിയോയുടെ ഉള്ളടക്കം. വീഡിയോയിൽ ബിജോയ് അഭിനയിച്ചിട്ടുമുണ്ട്.

മൂന്ന് കുട്ടികൾ അവരെ പഠിപ്പിച്ചിരുന്ന ബിജോയ് സാറിന് കൊടുക്കാനായി ആശംസാ വചനങ്ങൾ പറഞ്ഞു തരാമോ എന്ന് കുവൈറ്റിൽ താമസിക്കുന്ന ചില മലയാളി കുടുംബങ്ങളോട് ചോദിക്കുന്നതും അവർ പറയുന്നത് എഴുതിയെടുക്കുന്ന കുട്ടികൾ ഒരു മംഗളപത്രത്തിലാക്കി ബിജോയ് സാറിന് സമ്മാനിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. സുനിൽ കെ ചെറിയാൻ ആണ് വീഡിയോ ഒരുക്കിയത്. ബിനു പി ഗ്രിഗറി, സൈജു മാത്യു മുളകുപാടം, രാജേഷ് കൂത്രപ്പിള്ളി, സോബൻ ജയിംസ്, ബിനോ കെ ജോൺ, അനിൽ ജോസഫ്, ബൈജു ജോസഫ്, ലീന സോബൻ എന്നിവർ അഭിനയിച്ചു.

കുവൈറ്റിൽ നടന്ന നിരവധി നാടകമത്സരങ്ങളിൽ മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ബിജോയ് സ്‌കൂൾ വിദ്യാർത്ഥികളെയും നാടകം പരിശീലിപ്പിച്ചിട്ടുണ്ട്. എസ്എംസിഎയുടെ നേതൃത്വത്തിൽ നടന്ന സൗണ്ട് ആൻഡ് ലൈറ്റ് ഷോ, മെഗാ തിരുവാതിര കളി എന്നീ ജനപ്രിയ പരിപാടികളുടെ പിന്നിലെ പ്രധാനിയും ബിജോയ് ആയിരുന്നു.

Back to top button
error: