ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ മികച്ച രീതിയില്‍ പ്രതിരോധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. 2020-’21 വര്‍ഷത്തെ നീതി ആയോഗിന്റെ വാര്‍ഷിക ആരോഗ്യ സൂചികയിലാണ് ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മികച്ച പ്രകടനം എടുത്തുപറയുന്നത്. പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണെന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
2020-’21 വര്‍ഷത്തെ ആരോഗ്യ സൂചിക റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം ഡിസംബറോടെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നു. എന്നാല്‍, ആരോഗ്യ സൂചിക കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയെന്ന് നീതി ആയോഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി ഇത് പുറത്തുവിട്ടിട്ടില്ലെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനങ്ങളുടെ ആരോഗ്യ മേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലെ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മികവിന്റെ റിപ്പോര്‍ട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടാതെ പൂഴ്ത്തിവെച്ചിരിക്കുന്നത്. വലിയ 18 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലെ സ്ഥാനങ്ങളിലുള്ളത് യഥാക്രമം ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയാണ് ഏറ്റവും പിറകിലുള്ളത്. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ മേഖലയിലെ പ്രകടനം അളക്കുന്ന വാര്‍ഷിക ആരോഗ്യ സൂചിക 2017 മുതലാണ് നിതി ആയോഗ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
24 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബേങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓരോ വര്‍ഷത്തെയും പുരോഗതി, മൊത്തത്തിലുള്ള പ്രകടനം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആരോഗ്യ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്. വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിങ്ങനെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രത്യേകം തരംതിരിച്ച് അവയുടെ സ്‌കോറുകള്‍ അടിസ്ഥാനമാക്കിയാണ് റാങ്ക് നല്‍കുക.