LIFEMovie

മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത 2018ന് തെലുങ്ക് റിലീസിലും മികച്ച പ്രതികരണം; ആദ്യ ദിനം നേടിയ കളക്ഷന്‍

ടിടി റിലീസിലൂടെ ഭാഷാതീതമായ സ്വീകാര്യത പല മലയാള ചിത്രങ്ങളും സമീപ വർഷങ്ങളിൽ നേടിയിട്ടുണ്ട്. എന്നാൽ മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾ നേടുന്നതുപോലെ ഇതരഭാഷാ പതിപ്പുകളിലൂടെ മറ്റു സംസ്ഥാനങ്ങളിൽ ബോക്സ് ഓഫീസ് വിജയം നേടാൻ മലയാള സിനിമയ്ക്ക് സമീപകാലത്ത് സാധിച്ചിട്ടില്ല. എന്നാൽ മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത 2018 ന് അത് സാധിച്ചേക്കും എന്ന ആദ്യ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

ചിത്രത്തിൻറെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റിലീസ് ഇന്നലെ ആയിരുന്നു. ഭേദപ്പെട്ട സ്ക്രീൻ കൗണ്ടോടെയാണ് ചിത്രം ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങൾക്കൊപ്പം ഉത്തരേന്ത്യയിലും റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ തെലുങ്ക് പതിപ്പാണ് ഏറ്റവും മികച്ച പ്രതികരണം നേടിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ തെലുങ്ക് പതിപ്പ് നേടിയിരിക്കുന്നത് 1.01 കോടിയാണെന്നാണ് വിതരണക്കാർ അറിയിക്കുന്നത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് അപൂർവ്വ നേട്ടമാണിത്. തെലുങ്ക് പതിപ്പിൻറെ ഹൈദരാബാദിൽ സംഘടിപ്പിച്ച വിജയാഘോഷത്തിലും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിലും പങ്കെടുക്കാൻ ടൊവിനോ തോമസ്, അപർണ ബാലമുരളി, ജൂഡ് ആന്തണി ജോസഫ്, നരെയ്ൻ, സുധീഷ് എന്നിവർ എത്തി.

അതേസമയം ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയിലധികം നേടിക്കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ നിന്നുള്ള ആദ്യ 150 കോടി ക്ലബ്ബ് ചിത്രവും ആയിരിക്കുകയാണ് 2018. പുലിമുരുകനെ മറികടന്നാണ് ചിത്രത്തിൻറെ നേട്ടം. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, നരെയ്ൻ, ലാൽ, വിനീത് ശ്രീനിവാസൻ, സുധീഷ്, അജു വർഗീസ്, അപർണ ബാലമുരളി, തൻവി റാം, ശിവദ, ഗൗതമി നായർ, സിദ്ദിഖ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Back to top button
error: