പിറന്നാളാഘോഷത്തിനിടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ മുതിര്‍ന്ന നേതാവായ വി.എം. സുധീരൻ രൂക്ഷമായി വിമര്‍ശിച്ചത്.താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ അഞ്ചായെന്ന് സുധീരൻ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇടവും വലവും ഇരിക്കെയായിരുന്നു സുധീരന്റെ കടുത്ത ആക്രമണം. പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ, വി.എം. സുധീരൻ പാര്‍ട്ടി സംഘടന രംഗത്ത് സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു സുധീരന്റെ പ്രസംഗം.
അതേസമയം സുധീരന് മറപടിയുമായി കെ. മുരളീധരൻ എം.പി രംഗത്തെത്തി. പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് മുരളീധരൻ പറഞ്ഞു.2016ലെ കാര്യം ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടത് 2024 ആണ്.പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടത്. സുധീരൻ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.