CrimeNEWS

മുസ്‌ലിം യുവതിയുമായി സൗഹൃദം; ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെ 30 അംഗ സംഘം വളഞ്ഞിട്ടുതല്ലി

ബംഗളുരു: മുസ്‌ലിം യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് 30 അംഗ സംഘം യുവാവിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ അജിത്ത് എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു്. മുടിഗെരെ താലൂക്കിലെ ബണക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്.

യുവതിക്കൊപ്പം പോകുമ്പോള്‍ ഒരു സംഘമെത്തി അജിത്തിനെ ആക്രമിക്കുകയായിരുന്നു. റോഡിലൂടെ വലിച്ചിഴച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. യുവതിയാണ് സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയത്. മുടിഗെരെയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അജിത്ത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കര്‍ശന താക്കീത് നല്‍കിയതിന് ശേഷവും സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സദാചാര പോലീസ് ആക്രമണമാണിത്. മേയ് 24 ന് ചിക്കബല്ലാപ്പൂര്‍ ജില്ലയിലും സദാചാര പോലീസ് ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ചിക്കമംഗളൂരു സാമുദായിക സംഘര്‍ഷം രൂക്ഷമായിട്ടുള്ള ജില്ലയാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി അടക്കം നാണംകെട്ട തോല്‍വിയാണ് ചിക്കമംഗളൂരുവില്‍ നേരിട്ടത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: