ഗുവാഹത്തി: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ ബിജെപി വനിതാ നേതാവ് അറസ്റ്റില്‍. അസമിലെ കര്‍ബി അലോങ് ജില്ലയിലെ ബിജെപി നേതാവായ മൂണ്‍ ഇംഗ്ടിപി ആണ് പിടിയിലായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂണ്‍ ഇംഗ്ടിപി യുവാക്കളില്‍ നിന്നും പണം തട്ടിയത്. കര്‍ബി ആംഗ്ലോങ് ജില്ലയിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയായിരുന്നു മൂണ്‍ ഇംഗ്ടിപി. അറസ്റ്റിന് പിന്നാലെ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം വാങ്ങിത്തരാമെന്നായിരുന്നു മൂണ്‍ ഇംഗ്ടിപി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനം. 9 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തതായാണ് വിവരം. കര്‍ബി അലോങ് ഓട്ടോണമസ് കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് അംഗം തുലിറാം റോങ്ഹാങ് മുതല്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വരെയുള്ള ഭരണകക്ഷിയായ ബിജെപി നേതാക്കളുമായി തനിക്ക് അടുപ്പമുണ്ടെന്ന് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിയമനം ഉറപ്പ് പറഞ്ഞ തീയതി കഴിഞ്ഞിട്ടും നിയമന ഉത്തരവ് വരാഞ്ഞതോടെയാണ് യുവതീ യുവാക്കള്‍ തങ്ങള്‍ ചതിയിള്‍പ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ബിജെപി നേതാവിനെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂണ്‍ ഇംഗ്ടിപി കുടുങ്ങിയത്. അതേസമയം, മൂണ്‍ ഇംഗ്ടിപിക്കെതിരായ കേസില്‍ സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.