IndiaNEWS

ബിജെപി നേതാക്കള്‍ മര്‍ദിച്ച മുസ്‌ലിം യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി

ഹൈദരാബാദ്: ബിജെപി നേതാക്കള്‍ മര്‍ദിച്ച മുസ്‌ലിം യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി.തെലങ്കാനയിലെ മെദക് ജില്ലയിലെ നര്‍സാപൂരിലെ പ്രാദേശിക മുസ്‌ലിം സംഘടനയായ മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) ആണ് പരാതിയുമായി രംഗത്ത് എത്തിയത്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എംബിടി വക്താവ് അംജെദ് ഉല്ലാ ഖാൻ ആവശ്യപ്പെട്ടു.മെയ് 7-ന് മെദക് ജില്ലയിലെ നര്‍സാപൂര്‍ ക്രോസിങ് റോഡിലെ കല്യാണി ബിരിയാണി സെന്ററിലായിരുന്നു സംഭവം.
അൻപതോളം ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളോടെ കല്യാണി ബിരിയാണി സെന്ററിൽ എത്തുകയും ഉടമ ഖാജാ മൊയ്‌നുദ്ദീനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ നിന്ന് മൊയ്‌നുദ്ദീനെ തടയാനെത്തിയ സഹോദരിയും ആള്‍ക്കൂട്ട ആക്രമണത്തിനിരയാവുകയായിരുന്നു. ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ യുവതിയുടെ ഗര്‍ഭം അലസുകയുമായിരുന്നു.
കുറ്റാരോപിതരായ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ലോക്കല്‍ പൊലീസ് ഖാജാ മൊയ്‌നുദ്ദീനെയാണ് അറസ്റ്റ് ചെയ്‌തതെന്നും എംബിടി വക്താവ് ഖാൻ പറഞ്ഞു. സംഭവത്തില്‍ സിറ്റിങ് ഹൈക്കോടതി ജഡ്‌ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യാത്തതിന് മെദക് പൊലീസ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യണമെന്നും മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് ആവശ്യപ്പെട്ടു.
തെലങ്കാന മുഖ്യമന്ത്രി കെസിആറിന് ഭരണത്തില്‍ നിയന്ത്രണം നഷ്‌ടപ്പെടുകയാണെന്നും സംഭവത്തിൽ പൊലീസ് വര്‍ഗീയ പാര്‍ട്ടിക്കൊപ്പമാണ് നിന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ആള്‍ക്കൂട്ട ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും പൊലീസിന്‍റെ നിഷ്‌ക്രിയത്വത്തിനെതിരെ വ്യാപക പ്രതിഷേങ്ങള്‍ ഉയരുകയും ചെയ്‌തിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: