മലപ്പുറം: കോഴിക്കാട്ടെ ഹോട്ടലുടമയുടെ കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പെന്ന് സംശയം. എന്നാല്‍ വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരൂവെന്ന് മലപ്പുറം എസ്.പി: സുജിത്ത് ദാസ്. തിരൂര്‍ സ്വദേശി സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കണ്ടെടുത്ത മൃതദേഹം ഏഴ് ദിവസം പഴക്കമുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു. അട്ടപ്പാടി ചുരത്തില്‍നിന്ന് മൃതദേഹം അടങ്ങിയ ട്രോളി ബാഗുകള്‍ കണ്ടെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷിബിലി(22), ഫര്‍ഹാന (18) എന്നീ പ്രതികളെ പിടികൂടിയത് ചെന്നെയില്‍ നിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ കൂടെ സഹായത്തോടെയാണെന്ന് എസ്.പി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് കരുതുന്നത്. കേസില്‍ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്.
ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേരെ ചെന്നൈയില്‍ നിന്നെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് കരുതുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മേയ് 19-ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മേയ് 19-ന് വൈകിട്ട് 3.09-നും 3.11-നും ഇടയിലാണ് മൃതദേഹം ട്രോളി ബാഗിലാക്കി കാറില്‍ കയറ്റി കൊണ്ടുപോയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പുറത്തു നിര്‍ത്തിയിരുന്ന കാറിലേക്ക് ആദ്യം ഒരു പുരുഷനും പിന്നീട് ഒരു യുവതിയും ബാഗുകള്‍ കൊണ്ടു വെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. തുടര്‍ന്ന് കാറില്‍ ഇവര്‍ പോകുന്നതായും കാണാം.
അതേസമയം, പ്രതികള്‍ക്കൊപ്പം കോഴിക്കോട്ട് ഹോട്ടലില്‍ സിദ്ദിഖ് മുറിയെടുത്തത് എന്തിനെന്നതടക്കമുള്ള വിഷയങ്ങളില്‍ ദുരൂഹത തുടരുകയാണ്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖി (58)നെ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നാണ് നിഗമനം. മരിച്ച സിദ്ദീഖിന്റെ ഭാര്യ: ഷക്കീല. മക്കള്‍: ഷുഹൈല്‍, ഷിയാസ്, ഷാഹിദ്, ഷംല.