LocalNEWS

റാന്നിയിൽ വീണ്ടും കടുവ; കടുവയുടെ ആക്രമണത്തില്‍ നിന്ന് ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

റാന്നി: വടശേരിക്കര ഓലിക്കല്ലില്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് ടാപ്പിംഗ് തൊഴിലാളി മണിമലേത്ത് റെജി രക്ഷപ്പെട്ടത് തലനാരിഴക്ക്.
രാവിലെ ടാപ്പിംഗിനായി തോട്ടത്തിലേക്ക് ഇറങ്ങിയതായിരുന്നു റെജി.തോട്ടത്തിന് സമീപം തന്നെയാണ് വീടും.കുരങ്ങ് ശബ്ദം ഉണ്ടാക്കുന്നത് കേട്ട് ‍ തിരിഞ്ഞു നോക്കിയപ്പോൾ കടുവ. ഭയന്നുവിറച്ച റെജി പൊടുന്നനെ റബ്ബര്‍ മരത്തിലേക്ക് ചാടിക്കയറാൻ ശ്രമിച്ചെങ്കിലും മരത്തില്‍ നിന്ന് താഴെവീണു.തൊട്ടടുത്തുള്ള വീടിന്റെ ടോയ്ലറ്റിലേക്ക് ഓടിക്കയറിയാണ് റജി രക്ഷപ്പെട്ടത്.ശബ്ദം കേട്ട് പുറത്തിറങ്ങിയ ഭാര്യയോട് വീട്ടിലേക്ക് കയറാൻ വിളിച്ചു പറയുകയും ചെയ്തു. അല്‍പം കഴിഞ്ഞ് ഇറങ്ങി നോക്കുമ്ബോള്‍ കടുവയെ കാണാനില്ലായിരുന്നു.
വെച്ചൂച്ചിറ സ്വദേശിയായ റെജിയും ഭാര്യയും എട്ട് വര്‍ഷത്തോളമായി ഇവിടെ താമസിച്ചു ടാപ്പിംഗ് ജോലികള്‍ ചെയ്തുവരികയാണ്.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തുന്ന റെജിക്ക്‌ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് വെച്ചൂച്ചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
തിങ്കളാഴ്ച വടശേരിക്കര ബൗണ്ടറി വാലുമണ്ണില്‍ സദാനന്ദന്റെ ആടിനെ കടുവ കൊന്നിരുന്നു.ഇവിടെ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഇന്നലെ കടുവ എത്തിയത്.ആനയും, കാട്ടുപോത്തും കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ എത്തിയിരുന്നു.ജനങ്ങൾ കടുത്ത ഭീതിയിലാണെന്ന് റെജിയും ഭാര്യയും പറയുന്നു.

Back to top button
error: