ഇംഫാല്‍: വീണ്ടും സംഘര്‍ഷമുണ്ടായ മണിപ്പൂരില്‍ കനത്ത ജാഗ്രത തുടരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ വീട് അക്രമികള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസത്തെ അക്രമങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേര്‍ കൂടി പിടിയിലായി. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ഇവര്‍ പിടിയിലാകുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസമിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ മണിപ്പൂരിലെ ബിജെപി എംഎല്‍എമാര്‍ സമയം ചോദിച്ചിട്ടുണ്ട്.