NEWSSocial Media

”മുസ്‌ലിമാണോ? വീടില്ല”… കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍; തിരിച്ചടിച്ച് പേരടി

കൊച്ചി: വാടക വീടിനായി കളമശ്ശേരിയിലെ ഹൗസിങ് കോളനിയില്‍ എത്തിയ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരന്‍ പി.വി ഷാജികുമാര്‍. പേര് ഷാജിയെന്ന് പറഞ്ഞപ്പോള്‍ മുസ്‌ലിംകള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കര്‍ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. മുമ്പും രണ്ടുതവണ വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സില്‍നിന്ന് കളഞ്ഞതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നെന്ന് വീടിന്റെ ചുമരില്‍ തൂക്കിയ യേശു തന്നോട് പറഞ്ഞെന്നും വീട് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാന്‍ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ് കോളനിയില്‍ പോയി. ബ്രോക്കര്‍ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നില്‍ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തില്‍ പടമായിട്ടുണ്ട്. മുറികള്‍ നോക്കുമ്പോള്‍ ബ്രോക്കര്‍ ചോദിക്കുന്നു.

”പേരേന്താ…?”.

”ഷാജി”.

അയാളുടെ മുഖം ചുളിയുന്നു.

”മുസ്‌ലിമാണോ…?”

ഞാന്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കുന്നു.

”ഒന്നും വിചാരിക്കരുത്, മുസ്‌ലിംകള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞിരിക്കുന്നത്…”

”ഓ… ഓണര്‍ എന്ത് ചെയ്യുന്നു…”

”ഇന്‍ഫോപാര്‍ക്കില്‍.. കമ്പ്യൂട്ടര്‍ എന്‍ജിനീയറാ..”

”ബെസ്റ്റ്…”

ഞാന്‍ സ്വയം പറഞ്ഞു.

ഇപ്പോഴും അയാള്‍ എന്റെ മതമറിയാന്‍ കാത്തുനില്‍ക്കുകയാണ്.

ഷാജിയെന്നത് സര്‍വ്വമതസമ്മതമുള്ള പേരാണല്ലോ…

മുമ്പും രണ്ട് വട്ടം വീട് നോക്കാന്‍ പോയപ്പോള്‍ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സില്‍ നിന്ന് കളഞ്ഞതാണ്…

”എനിക്ക് വീട് വേണ്ട ചേട്ടാ…”

ഞാന്‍ ഇറങ്ങുന്നു.

ചുമരിലെ പാവം യേശു എന്നോട് പറയുന്നു.

‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’

മലയാളത്തിലെ യുവ കഥാകാരനും തിരക്കഥാകൃത്തുമാണ് പി.വി ഷാജികുമാര്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ അവാര്‍ഡും കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ അവാര്‍ഡും അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം ടേക്ഓഫ്, പുത്തന്‍ പണം, കന്യക ടാക്കീസ്, ദ ടീച്ചര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ്.

അതേമസയം, മുസ്ലീം പേരുള്ളത് കൊണ്ട് എറണാകുളത്ത് വീടക വീട് നിഷേധിച്ചുവെന്ന തിരക്കഥകൃത്ത് പി.വി ഷാജികുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. 18 വര്‍ഷമായി താന്‍ ജീവിക്കുന്ന നഗരമാണ് എറണാകുളമെന്നും അവിടെ ഒരു മുസ്ലീമിന് വാടക വീട് ലഭിക്കുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് വര്‍ഗീയ വിഷം തുപ്പലാണെന്നും ഹരീഷ് പേരടി പറഞ്ഞു.

ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂര്‍വ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദല്‍ കേരളാ സ്റ്റോറിയാണെന്ന് ഞാന്‍ ഉറക്കെ പറയും

മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കില്‍..നിങ്ങള്‍ ഇത്രയും ചെയ്യതാല്‍ മതി…എറണാകുളം മാര്‍ക്കറ്റില്‍ നിന്നോ,സിപിഎംന്റെയോ,കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയോ, ബിജെപിയുടെ ജില്ലാ കമറ്റി ഓഫിസിന് മുന്നില്‍ നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറഞ്ഞാല്‍ പോലും നിങ്ങള്‍ക്ക് വീടും ജീവിതവും കിട്ടിയിരിക്കും, അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ-എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: