NEWSPravasi

ആസ്വദിക്കൂ, അര്‍മാദിക്കൂ!!! രാത്രികളില്‍ നീന്തിത്തുടിക്കാന്‍ ദുബായില്‍ പുതിയ മൂന്ന് ബീച്ചുകള്‍

ദുബായ്: യുഎഇയിലുള്ളവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത, രാത്രികളില്‍ ഇനി തകര്‍ത്ത് മറിയാനായി ദുബായില്‍ ഇപ്പോള്‍ പുതിയതായി മൂന്ന് കിടിലന്‍ ബീച്ചുകള്‍ കൂടി തുറന്നിരിക്കുകയാണ്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി, രാത്രി നീന്തലിനായി മൂന്ന് പുതിയ ബീച്ചുകളാണ് തുറന്നിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും രാപ്പകല്‍ നീന്താനും ജല കേളികള്‍ നടത്താനുമുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച് കഴിഞ്ഞാഴ്ച ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചിരുന്നു.

ദുബായ് മുനിസിപ്പാലിറ്റിയുടെ ട്വിറ്റര്‍ പ്രകാരം – ”ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖീം 1 ബീച്ചുകളില്‍ രാത്രി നീന്തല്‍ ആസ്വദിക്കൂ.. ദുബായ് മുനിസിപ്പാലിറ്റി ഇവിടെ രാപ്പകല്‍ വ്യത്യാസമില്ലാതെ മുഴുവന്‍ സമയവും നീന്തല്‍ നടത്തുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും സജ്ജീകരിച്ചിരിക്കുന്നു.” എന്നാണ് പറയുന്നത്. ഏകദേശം 800 മീറ്റര്‍ നീളമുള്ള നീന്തല്‍-ബീച്ചുകളില്‍ അതിശയകരമായ ലൈറ്റിംഗ് സംവിധാനങ്ങളും അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മികച്ച വെളിച്ച സംവിധാനങ്ങള്‍ ആളുകളെ രാത്രിയിലും പകല്‍പോലെ ബീച്ചില്‍ നീന്താന്‍ അനുവദിക്കുന്നു.

ബീച്ചില്‍ എത്തുന്നവര്‍ക്ക് രാത്രി നീന്തല്‍ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഇവിടെ നിരവധി അത്യാധുനിക സൗകര്യങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഈ ബീച്ചുകള്‍ തികച്ചും സുരക്ഷിതമാണ്. ബീച്ചിലെ സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതിനുമായി ഇലക്ട്രോണിക് സ്‌ക്രീനുകളും ഉണ്ട്. കൂടാതെ, ബീച്ചുകളില്‍ രാത്രിയില്‍ നീന്തുന്നവരുടെ സുരക്ഷയ്ക്കായി എല്ലാ ആധുനിക രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ഉപകരണങ്ങളും സഹിതം നന്നായി പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളുമുണ്ട്.

ദുബായുടെ അഭിമാനമായ ബുര്‍ജ് ഖലീഫ ആസ്വദിച്ചുക്കൊണ്ട് ഒരു സായ്ഹ്നം ചെലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂഖ് അല്‍ ബഹാറിലെ റെസ്റ്റോറന്റുകള്‍ തെരഞ്ഞെടുക്കാം. കൂടാതെ റെനൈസന്‍സ് ഡൗണ്‍ടൗണ്‍ ഹോട്ടലിന്റെ മോറിമോട്ടോ, താജ് ദുബായിലെ ട്രീഹൗസ്, ദുബായിലെ സ്റ്റീഗന്‍ബര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേയിലെ ബാക്ക്യാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള ബിസിനസ് ബേയിലെ റെസ്റ്റോറന്റുകളുടെ ടെറസുകളില്‍ നിന്നും ഈ അംബരചുംബിയുടെ അതിശയകമരായ കാഴ്ചകള്‍ കാണാം.

പുരാതന തുറമുഖ കേന്ദ്രമായ ദുബായ് ക്രീക്ക്, ചുറ്റിക്കറങ്ങാന്‍ ഒരുമികച്ചയിടമാണ്. ദുബായ് പോര്‍ട്ടായ റാഷിദ് തുറമുഖത്തില്‍ നിന്ന് ആരംഭിച്ച്, റാസ് അല്‍ ഖോര്‍ വരെയുള്ള ജലപാതയാണ് ദുബായ് ക്രീക്ക്. പൗരാണികതയും ആധുനികതയും ഒരുപോലെ അനുഭവിക്കാന്‍ ഈ യാത്രായില്‍ സാധ്യമാണ്. യാത്രാബോട്ടുകള്‍, റെസ്റ്റോറന്റ് ബോട്ടുകള്‍ തുടങ്ങിയവ ക്രീക്കില്‍ ലഭ്യമാണ്. ഒരു പരമ്പരാഗത അബ്രയിലൂടെയോ അല്ലെങ്കില്‍ ഒരു ആഡംബര സ്വകാര്യ യാച്ചിലോ കയറി ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, അറ്റ്ലാന്റിസ്, ദി പാം ദുബായ് എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് യാത്രകള്‍ നടത്താം.

സൂര്യാസ്തമയങ്ങള്‍ ഇഷ്ടപ്പെടാത്തവരാരുമുണ്ടാകില്ല. വ്യത്യസ്ത വര്‍ണ്ണങ്ങളുടെ മാന്ത്രിക ലോകം തീര്‍ക്കുന്ന സൂര്യാസ്തമയ കാഴ്ചകളാല്‍ അമ്പരപ്പിക്കുന്ന ചിലയിടങ്ങള്‍ ദുബായിലുണ്ട്. കൈറ്റ് ബീച്ച്, സണ്‍സെറ്റ് ബീച്ച് എന്നീ തീരങ്ങള്‍ അതിന് മികച്ചഉദ്ദാഹരണങ്ങളാണ്. സമുദ്ര പശ്ചാത്തലത്തില്‍ സൂര്യാസ്തമയ കാഴ്ചകള്‍ക്കായോ ബുര്‍ജ് അല്‍ അറബിന്റെ അതിമനോഹരമായ സായഹ്ന കാഴ്ചകള്‍ക്കായോ, മദീനത്ത് ജുമൈറയിലെ ടെറസ് റെസ്റ്റോറന്റുകള്‍ തിരഞ്ഞെടുക്കാം. ബ്ലൂവാട്ടര്‍ ദ്വീപ്, അല്‍ ജദ്ദാഫ്, അല്‍ ഖുദ്ര തടാകം തുടങ്ങിയ ഇടങ്ങളും സൂര്യാസ്തമയങ്ങള്‍ കാണാനുള്ള മികച്ചയിടമാണ്.

പരമ്പരാഗതവും ആധുനികവുമായ വാസ്തുവൈദഗ്ദ്ധ്യത്താല്‍ തീര്‍ത്ത ഒരു അത്ഭുതമായ ‘മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍’ ഉം കാണേണ്ട ഒരുയിടമാണ്. ദുബായ് ക്രീക്കിനടിയില്‍ക്കൂടി കടന്നുപോകുന്ന ഷിന്‍ഡഗ തുരങ്ക പാതയും ഒരു വാസ്തുവിസ്മയമാണ്. ദുബായ് മറീനയിലെ അല്‍ സെയാഹി സെന്റിലുള്ള സ്‌കൈഡൈവ് പാം ഡ്രോപ്‌സോണ്‍ സാഹസികര്‍ക്ക് ആവേശകരമായിരിക്കും. ഇവിടെ ഏകദേശം 13,000 അടി ഉയരത്തില്‍, മണിക്കൂറില്‍ 120 മൈലിലധികം വേഗത്തില്‍ ആകാശത്ത് നിന്ന് താഴേക്കുള്ള ചാട്ടം അതിഗംഭീരമായിരിക്കും.

Back to top button
error: