KeralaNEWS

ചരിത്രത്തിലെ തീവണ്ടിയോട്ടത്തിന് 121 വയസ്സ്

121കൊല്ലത്തെ പഴക്കമുണ്ട് ‘കൊല്ലം ജംഗ്ഷൻ’ റെയിൽവേ സ്റ്റേഷന്.കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് ഇത്. തിരുവനന്തപുരം-എറണാകുളം പാതയിൽ വരുന്ന കൊല്ലം സ്റ്റേഷനിൽ ആദ്യത്തെ തീവണ്ടി ഓടിയത് 1902 ലാണ്.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു ചരക്കുവണ്ടിയാണ് അന്നോടിയത്. ആ സമയത്തു തന്നെ സ്റ്റേഷനും കെട്ടിവും നിർമ്മിച്ചിരുന്നുവെങ്കിലും ഇവിടെ നിന്നുള്ള ആദ്യത്തെ യാത്രാ തീവണ്ടി ഓടിയത് പിന്നെയും രണ്ട് വർഷങ്ങൾ കഴിഞ്ഞ് 1904 ജൂൺ ഒന്നിന് ആയിരുന്നു.പിന്നീട് അഞ്ച് മാസങ്ങൾക്കു ശേഷം 1904 നവംബർ 26ന് കൊല്ലം – ചെങ്കോട്ട റെയിൽപാത ഉദ്ഘാടനം ചെയ്തു.എന്നാൽ കനത്തമഴയിൽ ചെങ്കോട്ട പാതയിലെ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതു കാരണം ആദ്യ യാത്ര പുനലൂരിൽ അവസാനിപ്പിച്ചു.

തൂത്തുക്കുടിയില്‍ നിന്നായിരുന്നു ഇവിടേക്ക് ട്രെയിനെത്തിച്ചത്. തൂത്തുക്കുടിയിൽ നിന്ന് വലിയ കപ്പലിൽ (പത്തേമാരിയില്‍) വിവിധ ഭാഗങ്ങളായി ട്രെയിൻ കൊച്ചുപിലാമൂട് തുറമുഖത്ത് കൊണ്ടുവന്നു. ഇവിടുന്ന് കാളവണ്ടിയിലും മറ്റുമായി ട്രെയിനിന്റെ ഓരോ ഭാഗങ്ങളും കൊണ്ടുവന്ന് കൂട്ടിച്ചേർക്കുകയായിരുന്നു.കൗതുകത്തേക്കാൾ ഭയമായിരുന്നു അന്ന് ആളുകൾക്ക് ട്രെയിൻ കണ്ടപ്പോൾ.ഒട്ടുമേ പരിതിതമല്ലാത്ത ഒരു വാഹനം കൽക്കരി തുപ്പി കൂകിവിളിച്ച് പായുന്ന കാഴ്ച ആളുകളെ ഭയപ്പെടുത്തിയത്രെ ! ആദ്യ യാത്രയിൽ 21 ആചാരവെടികൾ മുഴക്കിയാണ് തീവണ്ടിയെ യാത്രയാക്കിയത്.ഇതിന്റെ ഒച്ചകേട്ട് പലരും പേടിച്ചോടിയെന്നാണ് കഥകൾ.പിന്നീട് 1917ൽ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി യാത്ര തുടങ്ങുകയും പിന്നീട് അത്  തിരുവനന്തപുരം തമ്പാനൂരിലേക്ക് നീട്ടുകയും ചെയ്തു.

Signature-ad

ആറു പ്ലാറ്റ്ഫോമുകളും 17 ട്രാക്കുകളുമാണ് കൊല്ലം ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനുള്ളത്.154 ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്ന്. പ്രതിദിന, പ്രതിവാര സർവീസുകളും കൊല്ലത്തു നിന്നു നിയന്ത്രിക്കുന്നതടക്കവുമാണ് ഇത്രയും സർവീസുകൾ.ഇതിൽ കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 84 മുതൽ 90 വരെ ട്രെയിനുകൾ ദിവസവും കടന്നു പോകുന്നു.

 

ഇന്നു മാറ്റത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ് കൊല്ലം റെയിൽവേ സ്റ്റേഷനും.അന്താരാഷ്ട്ര നിലവാരത്തിൽ, വിമാനത്താവളത്തിന്‍റെ മാതൃകയിൽ പുനർനിർമ്മിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്നും തിരുവനന്തപുരം സെൻട്രൽ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകൾക്കൊപ്പമാണ് കൊല്ലവും ഉൾപ്പെട്ടിരിക്കുന്നത്.361 കോടിയുടെ നവീകരണ പ്രവർത്തനം ഇവിടെ ആരംഭിച്ചു കഴിഞ്ഞു.

Back to top button
error: