FeatureNEWS

തങ്കശ്ശേരി ബീച്ചും കേരളത്തിലെ ഏറ്റവും ഉയരമുള്ള ലൈറ്റ് ഹൗസും

നൂറ്റാണ്ടുകളോളം പോര്‍ച്ചുഗീസുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും ഒക്കെ താവളമടിച്ച കൊല്ലം ജില്ലയിലെ അറബിക്കടലിനോട് ചേര്‍ന്നുള്ള തങ്കശ്ശേരി എന്ന തീരപ്രദേശം ചരിത്രകഥകള്‍ക്കൊണ്ട് നമ്മളെ വിസ്മയിപ്പിക്കും.കൊല്ലം നഗരത്തില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയുള്ള തങ്കശ്ശേരി എന്ന തീരപ്രദേശം പതിനഞ്ചാം നൂറ്റാണ്ടിലെ തന്ത്രപ്രധാനമായ ഒരു തീരമേഖലയായിരുന്നു.
തങ്കശ്ശേരി കോട്ടയുടെ ശേഷിപ്പുകള്‍, വിളക്കുമാടം, പോര്‍ച്ചുഗീസ് സെമിത്തേരി, ബക്കിംഹാം കനാല്‍, പുരാതന ആംഗ്ലോ ഇന്ത്യന്‍ ബംഗ്ലാവുകള്‍, കൊല്ലം തുറമുഖം ഇങ്ങനെ ഒട്ടേറെയിടങ്ങള്‍ കൊല്ലം നഗരത്തിനുള്ളില്‍ തന്നെ കാണാനുണ്ട്.
തങ്കശ്ശേരി, തിരുമുല്ലവാരം എന്നീ പ്രദേശങ്ങളോട് അടുത്തുള്ള തീരങ്ങള്‍, കല്ലുകള്‍ നിറഞ്ഞ കടല്‍ത്തട്ടും കടലിലേക്ക് നീണ്ടു നില്‍ക്കുന്ന മുനമ്പും വ്യാപാര കപ്പലുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്നാണ് വിളക്കുമാടം സ്ഥാപിച്ചത്.മണ്ണെണ്ണ വിളക്കില്‍ ജ്വലിച്ചിരുന്ന ഈ വിളക്കുമാടത്തില്‍ ഇപ്പോള്‍ വൈദ്യുതി വിളക്കുകളാണ് ഉപയോഗിക്കുന്നത്. 144 അടി ഉയരമുളള ഈ വിളക്കുമാടം കേരളത്തിലെ ഏറ്റവും ഉയരമുള്ള വിളക്കുമാടമാണ്. തിങ്കളാഴ്ച ഒഴിച്ച് ബാക്കിയെല്ലാദിവസവും വിളക്കുമാടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്.
തങ്കശ്ശേരി കോട്ടയ്ക്ക് സമീപത്ത് തന്നെ പുരാതനമായ പോര്‍ച്ചുഗീസ് സെമിത്തേരിയുമുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തെത്തുടര്‍ന്ന് 1519ലാണ് ഈ സെമിത്തേരി നിര്‍മ്മിക്കപ്പെട്ടത്. ഇപ്പോള്‍ ഇവിടം ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ സംരക്ഷണയിലാണ്. മുമ്പ് ഈ പ്രദേശത്ത് പുരാതന ആംഗ്ലോ ഇന്ത്യന്‍ ബംഗ്ലാവുകള്‍ ഉണ്ടായിരുന്നു. ഇന്ന് രണ്ടോ മൂന്നോ ആംഗ്ലോ ഇന്ത്യന്‍ ബംഗ്ലാവുകള്‍ മാത്രമെ നിലനില്‍ക്കുന്നുള്ളൂ. തങ്കശ്ശേരി പാലസ് റോഡിലൂടെ കടക്കുമ്പോള്‍ ഈ മനോഹരമായ ബംഗ്ലാവുകള്‍ കാണാന്‍ സാധിക്കും.
പോര്‍ച്ചുഗീസുകാര്‍ 1560ല്‍ നിര്‍മ്മിച്ച ബക്കിംഹാം കനാലാണ് മറ്റൊരു ചരിത്രശേഷിപ്പ്. പോര്‍ച്ചുഗീസ് സെമിത്തേരിക്കും ലൈറ്റ്ഹൗസ് റോഡിനും ഇടയിലൂടെ അറബിക്കടലിലേക്കാണ് ഈ കനാല്‍ ചെന്ന് ചേരുന്നത്. തങ്കശ്ശേരി കോട്ടയില്‍ നിന്നും തുറമുഖത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാന്‍ വേണ്ടിയായിരുന്നു ഇത് നിര്‍മ്മിച്ചത്. പിന്നീട് ഡച്ചുക്കാര്‍ ഈ പ്രദേശം പിടിച്ചടക്കി. ഒടുവില്‍ ഈ പ്രദേശം ബ്രട്ടീഷ് കമ്പനിയുടെ അധികാരത്തിലായി. അതേ തുടര്‍ന്നാണ് കനാലിന് ബക്കിംഹാം കനാല്‍ എന്ന് പേര് ലഭിച്ചത്.
കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കൊല്ലം ബോട്ട് ജെട്ടി, കൊല്ലം റെയില്‍വെ സ്‌റ്റേഷന്‍ തുടങ്ങിയ മൂന്നിടങ്ങളില്‍ നിന്നും തങ്കശ്ശേരിയിലേക്ക് നാല് കി.മീ താഴെ മാത്രമെ ദൂരമുള്ളൂ. 70 കി.മീ ദൂരത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: