കുഞ്ചാക്കോ ബോബനും ദര്‍ശന രാജേന്ദ്രനും കമല്‍ ഹാസനും കെ.പി കുമാരനും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: മികച്ച ചിത്രങ്ങൾ ഹെഡ്മാസ്റ്റര്‍, ബി 32-44 വരെ; സംവിധായകന്‍ മഹേഷ് നാരായണന്‍
മികച്ച സിനിമയ്ക്കുള്ള 2022 ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം: അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് മികച്ച നടി.(ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം)
ഇക്കുറി 82 ചിത്രങ്ങളാണ് അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ട യ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി.കുമാരന് നല്‍കും.
തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.
ചലച്ചിത്രപ്രതിഭാ പുരസ്‌കാരം നടന്‍ വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി കുറിച്ചി എന്നിവര്‍ക്ക് നൽകും.
കേരളത്തില്‍ പരക്കെ സ്വീകരിക്കപ്പെടുന്ന മലയാളത്തിനു പുറത്തുള്ള ഒരു ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമയ്ക്കു കൂടി വര്‍ഷം തോറും അവാര്‍ഡ് നല്‍കാന്‍ ക്രിട്ടിക്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ ശെല്‍വന്‍ -1 എന്ന ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ പ്രഖ്യാപിച്ചത് 46-മത് ഫിലിം ക്രിട്ടിക്‌സ് അവാർഡാണ്.