കോട്ടയം: കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ അനന്തസാധ്യതകൾ പറഞ്ഞ് എന്റെ കേരളം മേളയിൽ കൃഷി വകുപ്പിന്റെ സ്റ്റാളുകൾ. ജില്ലയിലെ 70 കൃഷിഭവനുകളിലെ കർഷകർ ഉത്പാദിപ്പിച്ച നൂറ്റമ്പതോളം മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ശേഖരമാണ് ആദ്യത്തെ സ്റ്റാളിലുള്ളത്. തേങ്ങ, തേൻ, വാഴപ്പഴം, ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗം, പൈനാപ്പിൾ, എന്നിവയിൽ നിന്ന് നിർമിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ ഉള്ളത്.
വിവിധ കർഷക സംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവരുടെ നേതൃത്വത്തിൽ ഉത്പാദിപ്പിച്ചവയാണ് ഈ ഉത്പന്നങ്ങൾ. കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കർഷകർക്കുള്ള മികച്ച മാതൃക എന്ന നിലയിലാണ് ഇത്തരത്തിൽ കൃഷി വകുപ്പ് പ്രദർശനം സംഘടിപ്പിച്ചത്. മൂല്യവർദ്ധിത ഉത്പന്ന നിർമാണത്തിന് കർഷകത്തോടൊപ്പം ആകർഷകമായ സബ്‌സിഡിയും നൽകുന്നുണ്ട്.
തേനിൽ നിന്ന് നിർമ്മിച്ച പെയ്ൻ ബാം. ഫേയ്‌സ് പാക്ക്, ചക്കയിൽ നിന്ന് ചക്കപൊടി, ചക്ക അച്ചാർ, ഉണക്ക ചക്ക, വാഴപ്പഴത്തിൽ നിന്ന് ഡ്രൈഡ് ഫ്രൂട്ട്‌സ്, ബനാന പൗഡർ, ഫിഗ്‌സ്, എന്നിവയിൽ തുടങ്ങി തേങ്ങയിൽ നിന്നും ഉത്പാദിപ്പിച്ചിട്ടുള്ള ചിപ്‌സ്, വെളിച്ചെണ്ണ എന്നിവയും ക്യാരറ്റ്, പൈനാപ്പിൾ, പപ്പായ എന്നിവയുടെ സോപ്പും കൊക്കോയിൽ നിന്ന് ഉത്പാദിപ്പിച്ചിട്ടുള്ള കൊക്കോ പൗഡർ, തലനാടൻ ഗ്രാമ്പൂ, കുരുമുളക് എന്നിവയും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചന്ദ്രക്കാരൻ, നീലം, പ്രീയൂർ, കോശേരി, നടുശെല, ഗുദകത്ത്, ബംഗാരപ്പള്ളി തുടങ്ങി 32 ഇനം മാമ്പഴ പ്രദർശനവും സ്‌ട്രോബറി കൃത്യത കൃഷിയുടെ മാതൃകയും ഹോർട്ടി കൾച്ചറൽ മിഷന്റെ സ്റ്റാളിലുണ്ട്. വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരള കോട്ടയം ജില്ലയുടെ സ്റ്റാളിൽ ജൈവവളങ്ങൾ, സങ്കരയിനം വിത്തുകളായ പടവലം, പച്ചമുളക്, പയർ, എന്നിവയുമുണ്ട്. വിളവെടുപ്പ് കൂടുതലാണ് എന്നുള്ളതാണ് ഈ സങ്കരയിനങ്ങളുടെ പ്രത്യേകത.
കുമരകം റീജിയണൽ അഗ്രികൾച്ചർ സെന്ററിന്റെ സ്റ്റാളിൽ വിവിധയിനം മാവുകളുടെയും ആര്യവേപ്പ്, കുരുമുളക് എന്നിവയുടെ തൈകളുമുണ്ട്. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സ്റ്റാളിൽ ജാതിക്ക, മത്സ്യം, ചക്ക ചെറുധാന്യങ്ങൾ എന്നിവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളാണുള്ളത്. മൗത്ത് വാഷ്, അച്ചാർ, ട്യൂട്ടി ഫ്രൂട്ടി, സോസ് എന്നിങ്ങനെ 17 ഇന ജാതിക്ക ഉത്പന്നങ്ങളാണ് പ്രദർശനത്തിനുള്ളത്. കർഷകർക്ക് കാർഷിക യന്ത്രങ്ങൾ 40 മുതൽ 60 ശതമാനം വരെ സബ്‌സിഡിയിൽ നൽകുന്ന എസ്.എം.എ പദ്ധതിയും പരിചയപ്പെടുത്തുനുണ്ട്. കോഴ കൃഷി ഫാമിൽ നിന്നുള്ള ചെടികളും, പച്ചക്കറി, വൃക്ഷത്തെകളും വിൽപ്പനയ്ക്കുണ്ട്.