കോട്ടയം: ഏറ്റുമാനൂർ-ഭരണങ്ങാനം റോഡിൽ നിരവധി അപകടങ്ങൾക്കിടയാക്കുകയും രണ്ടുവർഷത്തിനിടെ നിരവധി പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഇടപ്പാടി ജംഗ്ഷനിൽ മഞ്ഞ റംപിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ഇടപ്പാടി ജംഗ്ഷന് ഇരുവശത്തും മഞ്ഞ റംപിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. ഇടപ്പാടി ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയായ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്തംഗമായ രാജേഷ് വാളിപ്ലാക്കൽ മീനച്ചിൽ താലൂക്ക് അദാലത്തിൽ സമർപ്പിച്ച പരാതി പരിഗണിച്ചാണ് മന്ത്രിയുടെ നടപടി.
മീനച്ചിലാർ ചെത്തിമറ്റത്ത് കളരിയാമാക്കൽ ചെക്ഡാമിന്റെ സ്ഥിരം ഷട്ടർ സ്ഥാപിക്കുന്നതിനെപ്പറ്റി പഠിക്കുന്നതിനും ചെക്ക് ഡാമിന്റെ മേൽനോട്ടത്തിനും മോണിട്ടറിംഗ് സമിതി രൂപീകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ താലൂക്ക് അദാലത്തിൽ ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകി. മീനച്ചിലാറിനു കുറുകേ പാലാ നഗരസഭയെയും മീനച്ചിൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തോടുകൂടിയ ചെക്ഡാമാണ് കളരിയാമക്കൽ. ഈ ചെക്ഡാം കാലവർഷം തുടങ്ങുമ്പോൾ തുറക്കുന്നതിനും തുലാവർഷം അവസാനിക്കുമ്പോൾ അടയ്ക്കുന്നതിനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ജില്ലാ പഞ്ചായത്തംഗമായ രാജേഷ് വാളിപ്ലാക്കൽ മീനച്ചിൽ താലൂക്ക് അദാലത്തിൽ പരാതി സമർപ്പിച്ചത്.