LocalNEWS

അപകടകരമായ വാകമരം സ്‌കൂൾ തുറക്കും മുമ്പ് മുറിച്ചുമാറ്റണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദേശം

കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ അരീപ്പാറ സ്‌കൂളിനു സമീപത്ത് അപകടകരമായി നിൽക്കുന്ന വാകമരം സ്‌കൂൾ തുറക്കും മുമ്പ് മുറിച്ചുമാറ്റണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മീനച്ചിൽ താലൂക്ക് അദാലത്തിൽ പഞ്ചായത്ത്, കെ.എസ്.ഇ.ബി അധികൃതർക്കു നിർദേശം നൽകി. അരീപ്പാറ സ്‌കൂളിനു മുൻവശമുള്ള കൂറ്റൻ വാകമരം അപകടാവസ്ഥയിലാണെന്നു കാട്ടി പലകുറി പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്ന് ജില്ലാ പഞ്ചായത്തംഗമായ രാജേഷ് വാളിപ്ലാക്കൽ മീനച്ചിൽ താലൂക്ക് അദാലത്തിൽ സമർപ്പിച്ച പരാതി പരിഗണിച്ചാണ് മന്ത്രി റോഷി അഗസ്റ്റിൻ സത്വര നടപടിക്ക് നിർദേശം നൽകിയത്.

മരം അപകടകരമാണെന്ന റിപ്പോർട്ടാണ് അന്വേഷണത്തിൽ ലഭിച്ചത്. മരം മുറിച്ചുമാറ്റാനുള്ള നടപടി പഞ്ചായത്ത് സ്വീകരിച്ചുവെങ്കിലും കെ.എസ്.ഇ.ബി. ലൈൻ അഴിച്ചുമാറ്റേണ്ടതുണ്ട്. ഇതിനു തുക അടയ്ക്കണമെന്നാണ് കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചത്. എന്നാൽ ദുരന്തനിവാരണനിയമം അനുസരിച്ച് മരം മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും സ്‌കൂൾ തുറക്കുംമുമ്പ് ഇക്കാര്യത്തിൽ വകുപ്പുകൾ തമ്മിൽ കൂടിയാലോചിച്ചു നടപടികൾ ഉണ്ടാകണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ താലൂക്ക് അദാലത്തിൽ ഉത്തരവിട്ടു.

Back to top button
error: