LocalNEWS

എന്റെ കേരളം പ്രദർശന വിപണന മേളയുടെ കലാപരിപാടികളിൽ അരങ്ങ് വാണ് കോളജ് വിദ്യാർത്ഥികൾ, ആവേശത്തിരയായി ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്; ഇന്ന് വൈകിട്ട് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് മിസ്റ്ററി

കോട്ടയം: നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കലാപരിപാടിയിൽ ജില്ലയിലെ വിവിധ കലാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.

കേരള നടനം, ഭരതനാട്യം, മൈം, ക്ലാസിക്കൽ തീം ഡാൻസ്, കവിതാപാരായണം, സംഘഗാനം എന്നിവയും രാജേഷ് പാമ്പാടിയുടെ ശിക്ഷണത്തിൽ നാട്യപൂർണ്ണ സ്കൂൾ ഓഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്നവരും ചേർന്ന് നടത്തിയ ആനന്ദനടനവും കലാവിരുന്നിന് മാറ്റ് കൂട്ടി. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് പി.സി. ദിവാകരൻകുട്ടി നാടൻപാട്ട് അവതരിപ്പിച്ചു. സി.എം.എസ്. കോളേജ്, പാമ്പാടി കെ.ജി കോളേജ്, ചങ്ങനാശേരി അസംപ്ഷൻ കോളേജ്, ടൈറ്റസ് സെക്കൻഡ് ടീച്ചിംഗ് കോളേജ് തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്.

 

എന്റെ കേരളം പ്രദർശന വിപണന മേള മൈതാനിയിൽ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിൽ നടന്ന മ്യൂസിക് നൈറ്റ് ആവേശതിരയിളക്കം സൃഷ്ടിച്ചു. നിറസദസ്സിൽ അരങ്ങേറിയ സംഗീതോത്സവത്തിൽ അടിപൊളി പാട്ടുകളുടെ ചാടുല താളത്തിനൊപ്പം സദസ് ആറാടി. മികച്ച മെലഡികൾ കലാസന്ധ്യയെ സംഗീത സാന്ദ്രമാക്കി.

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന്

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന് രാവിലെ 10ന് തദ്ദേശീയ മത്സ്യകൃഷിയും സാധ്യതകളും എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. കുമരകം കൃഷി വിജ്ഞാനകേന്ദ്രം അസോ. പ്രൊഫസർ ഡോ. ആർ നവ്യ. സെമിനാർ നയിക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ മൂന്ന് വരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കലാപരിപാടികൾ നടക്കും. 3 മുതൽ 3.30 വരെ കേരള പോലീസ് ഡോഗ് ഷോ. വൈകിട്ട് 6.30 ന് സ്റ്റീഫൻ ദേവസിയും സോളിഡ് ബാൻഡും ചേർന്നൊരുക്കുന്ന കലാസന്ധ്യ മ്യൂസിക് മിസ്റ്ററി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: