LocalNEWS

റൈറ്റ് സഹോദരന്മാരെപ്പോലെ കോട്ടയത്തിന്റെ അൻസാരി സഹോദരന്മാർ! എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെ താരങ്ങൾ

കോട്ടയം: പരാജയങ്ങളിൽ തളരാത്ത നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെ പ്രതീകമായി റൈറ്റ് സഹോദരന്മാർക്ക് ബദലായി മാറിയിരിക്കുകയാണ് കോട്ടയത്തിന്റെ സ്വന്തം അൻസാരി സഹോദരന്മാർ. സഹോദരങ്ങളും മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമായ മുഹമ്മദ് ആസിഫ് അൻസാരി, മുഹമ്മദ് ആദിൽ അൻസാരി, മുഹമ്മദ് അഥിഫുൽ അൻസാരി എന്നിവർ സ്വന്തമായി നിർമ്മിച്ച വിമാനവുമായാണ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെത്തിയത്.

പത്ത്, ഒമ്പത്, ആറ് ക്ലാസ് വിദ്യാർത്ഥികളാണിവർ. സ്വന്തമായി ഒരു വിമാനം നിർമ്മിക്കണമെന്ന മോഹവുമായി കൊറോണ അവധിക്കാലം മുതൽ ആരംഭിച്ച കഠിന പ്രയത്‌നവും, തുടരെ നേരിട്ട പരാജയങ്ങളിൽ നിന്നും ഉൾക്കൊണ്ട പ്രചോദനവുമാണ് ഇവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്. റിമോട്ടിന്റെ സഹായത്തോടെയാണ് വിമാനത്തിന്റെ ടേക്ക് ഓഫും ലാൻഡിങും നിയന്ത്രിക്കുന്നത്. ഡെപ്രോൺ ഷീറ്റും തെർമക്കോളും ഉപയോഗിച്ചാണ് വിമാനം രൂപകൽപന ചെയ്തിരിക്കുന്നത്. ഡ്രോണിൽ ഉപയോഗിക്കുന്ന മോട്ടറും സാങ്കേതിക വിദ്യയുമാണ് വിമാനത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിവിധ പുസ്തകങ്ങളും, ഇക്വേഷനുകളും, യൂടൂബ് വീഡിയോസുമെല്ലാം വിമാനം നിർമ്മിക്കാൻ ഇവർക്ക് പ്രേരണയായിട്ടുണ്ട്.

2020 മുതൽ ആരംഭിച്ച ശ്രമത്തിനിടയിൽ നിർമ്മിച്ച നിരവധി വിമാനങ്ങൾ നിർമ്മാണത്തിനിടയിലും, പറപ്പിക്കാനുള്ള ശ്രമത്തിനിടയിലും പരാജയപ്പെട്ട് പോയിട്ടുണ്ട്. എന്നാൽ പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോകാനുള്ള ഊർജ്ജവുമായി വീട്ടുകാരും സ്‌കൂൾ അധികൃതരും കട്ടക്ക് കൂടെ നിന്നപ്പോൾ 2023 ൽ യാഥാർത്ഥ്യമായത് ഇവരുടെ സ്വപ്നം കൂടിയാണ്. നിലവിൽ മൂന്ന് വിമാനമാണ് ഇവരുടെ പക്കലുള്ളത്. വിമാനം നിർമ്മാണത്തിനായി വിവിധ ഘട്ടങ്ങളിലായി മൂന്നുലക്ഷത്തോളം രൂപയാണ് ഇവർക്ക് ചെലവ് വന്നത്. വീട്ടുകാരും സ്‌കൂൾ അധികൃതരുമാണ് ഇവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകിയത്. കോട്ടയം ഐസിഎച്ച് ആശുപത്രി ഗ്രൗണ്ടിലാണ് വിമാനത്തിന്റെ പരീക്ഷണ പറക്കൽ നടത്തിയത്. നിരവധി തവണ പരാജയപ്പെട്ട സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് ഈ കുട്ടികൾ. കോട്ടയം മുടിയൂർക്കര സ്വദേശികളായ അൻസാരി – റിസ്വാന ദമ്പതികളുടെ മക്കളാണ് മൂവരും.

Back to top button
error: