LIFEMovie

ജൂനിയർ എൻടിആറി​ന്റെ പുതിയ ചിത്രം ‘ദേവര’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ വൈറൽ

ഹൈദരാബാദ്: ജൂനിയർ എൻടിആറിന്റെ ആരാധകരെ ആവേശത്തിലാക്കി എന്‍ടിആര്‍ 30 ന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ദേവര’ എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്‍റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്. അതേ സമയം എന്‍ടിആറിന്‍റെ ജന്മദിനത്തിന്‍റെ തലേദിവസമാണ് ഫസ്റ്റലുക്ക് പുറത്തുവിട്ടത്.

ഗംഭീരലുക്കില്‍ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന ‘ദേവര’ ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കുന്ന പാന്‍ ഇന്ത്യ ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Back to top button
error: